പ്രതിയെ പിടികൂടാൻ എത്തിയ പൊലീസിന് നേരെ ആക്രമണം ,​ സി ഐയ്ക്കും പൊലീസുകാരനും പരിക്ക്

Thursday 05 December 2024 10:04 PM IST

തൃശൂർ : കാപ്പ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിന് നേരെയുണ്ടായ ആക്രമണത്തിൽ സി.ഐയ്ക്കും സി.പി.ഒയ്ക്കും പരിക്കേറ്റു. ഒല്ലൂർ സി.ഐ ഫർഷാദിനും സി.പി.ഒ വിപിൻദാസിനുമാണ് പരിക്കേറ്റത്. അഞ്ചേരി അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്ത് കാപ്പ പ്രതിയെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മാരിമുത്തു എന്ന ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

മദ്യലഹരിയിലായിരുന്ന മാരിമുത്തുവും സംഘവും കത്തി ഉപയോഗിച്ച് പൊലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു. വ്യാഴം വൈകിട്ട് ഏഴോടെയാണ് സംഭവം. സി.ഐയ്ക്ക് മൂന്നുതവണ കുത്തേറ്റു. ഇടതു തോളിലാണ് കുത്തേറ്റത്. സി.പി.ഐയുടെ കാലിൽ പോറലേറ്റു. ഗുരുതരമായി പരിക്കേറ്റ സി.ഐ അപകടനില തരണം ചെയ്തു. സംഭവത്തിൽ മാരിമുത്തു അടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.