വിഴിഞ്ഞത്ത് യുവാക്കൾ പിടിയിലായത് നാടൻ ബോംബ് നിർമ്മാണത്തിനിടെ

Friday 06 December 2024 1:19 AM IST

വിഴിഞ്ഞം: മുല്ലൂർ ബീച്ചിന് സമീപത്തു നിന്ന് നാലംഗസംഘം പിടിയിലായത് മുൻ വൈരാഗ്യത്തെ തുടർന്ന് സമീപത്തെ ഒരു യുവാവിനെ ആക്രമിക്കാൻ നാടൻ ബോംബ് നിർമിക്കുന്നതിനിടെയെന്ന് വിഴിഞ്ഞം പൊലീസ്. മുല്ലൂർ തോട്ടം നിവാസി അനീഷ് (25),നെട്ടത്താന്നി സ്വദേശി പാണ്ടി ശരത് എന്നു വിളിക്കുന്ന ശരത് (19),കോളിയൂർ അജിത്ത്(22),കല്ലുവെട്ടാൻകുഴി നിവാസി ധനുഷ്(20)എന്നിവരാണ് അറസ്‌റ്റിലായത്. പിടിയിലായവരിൽ നിന്ന് രണ്ടു നാടൻ ബോംബുകൾ,30 ഗ്രാം കഞ്ചാവ്,വെട്ടുകത്തി എന്നിവ കണ്ടെടുത്തു. മുൻ വൈരാഗ്യത്തെ തുടർന്ന് മുല്ലൂർ നിവാസി അഭിരാജിനെ ആക്രമിക്കാൻ പദ്ധതിയിട്ടാണ് സംഘം എത്തിയത്. ഇതിനായി മുല്ലൂർ ഭാഗത്ത് ഒളിച്ചിരിക്കുകയായിരുന്നു. അന്താരാഷ്ട്ര തുറമുഖത്തെ സുരക്ഷ ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിനെ അറിയിച്ചു. ബോംബു നിർമാണത്തിലായിരുന്ന സംഘം ഓടിയെന്നും പിന്തുടർന്നു പിടികൂടുകയായിരുന്നെന്നും വിഴിഞ്ഞം എസ്.എച്ച്.ഒ ആർ. പ്രകാശ് അറിയിച്ചു.ബോംബ് സ്ക്വാഡ് അടക്കം സ്ഥ‌ലത്ത് പരിശോധന നടത്തിയിരുന്നു.പിടിയിലായവർ നേരത്തെ കഞ്ചാവ്, മോഷണ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.