ആംഗല..എന്നോട് ക്ഷമിക്കൂ...
'ആംഗല...ദയവായി എന്നോട് ക്ഷമിക്കൂ..." കഴിഞ്ഞ ആഴ്ച കസഖ്സ്ഥാനിലെ അസ്താനയിൽ വാർത്താ സമ്മേളനത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നടത്തിയ അപൂർവ്വ ക്ഷമാപണം അത്ഭുതപ്പെടുത്തി. യുക്രെയിന്റെ ഭരണസിരാ കേന്ദ്രങ്ങൾ തകർത്തെറിയുമെന്നും പുത്തൻ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലായ 'ഒറെഷ്‌നിക് " കീവിൽ സംഹാര താണ്ഡവമാടുമെന്നും ഭീഷണിപ്പെടുത്തിയ മനുഷ്യനാണ് ദേ, വിദേശത്ത് വച്ച്, അതും പരസ്യമായി ക്ഷമാപണം നടത്തിയത്. !
എന്തിനായിരുന്നു ക്ഷമാപണം ? വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച ഒരു 'തെറ്റി"ന്. മുൻ ജർമ്മൻ ചാൻസലർ ആംഗല മെർക്കലാണ് കഥയിലെ നായിക. റഷ്യയുമായി സമാധാനപരമായ ബന്ധം ആഗ്രഹിച്ച നേതാക്കളിൽ ഒരാളാണ് 16 വർഷം ജർമ്മനിയെ ഭരിച്ച ആംഗല. പുട്ടിനിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ചുരുക്കം പാശ്ചാത്യ നേതാക്കളിൽ ഒരാൾ. 2008ൽ യുക്രെയിന്റെ നാറ്റോ പ്രവേശനം താൻ തടഞ്ഞില്ലായിരുന്നുവെങ്കിൽ യുക്രെയിൻ യുദ്ധം നേരത്തെ തുടങ്ങുമായിരുന്നു എന്ന് ആംഗല പറഞ്ഞിട്ടുണ്ട്.യുക്രെയിന്റെ നാറ്റോ പ്രവേശനം പുട്ടിൻ കൈയും കെട്ടി നോക്കിനിൽക്കില്ലെന്ന് ആംഗലയ്ക്കറിയാം. യുദ്ധം അന്നായിരുന്നെങ്കിൽ ഇന്നത്തെ പോലെ ചെറുത്തുനിൽക്കാൻ യുക്രെയിന് കഴിയില്ലായിരുന്നെന്നും ആംഗല അടുത്തിടെ പറഞ്ഞിരുന്നു.
ടൈം മെഷീൻ പോലെ ഈ പഴയ കാര്യങ്ങളിലേക്ക് ലോകത്തെ എത്തിച്ചിരിക്കുന്നത് ആംഗലയുടെ 'ഫ്രീഡം" എന്ന ഓർമ്മക്കുറിപ്പാണ്. നവംബർ അവസാനം പുറത്തിറങ്ങിയ ഈ പുസ്തകമാണ് പുട്ടിനെ ക്ഷമാപണത്തിലേക്കെത്തിച്ചത്. 2007ൽ റഷ്യയിലെ സോചിയിൽ നടന്ന ആംഗല - പുട്ടിൻ കൂടിക്കാഴ്ചയാണ് പിന്നിൽ.
കൂടിക്കാഴ്ച നടന്ന മുറിയിൽ പുട്ടിനും ആംഗലയ്ക്കും ഉദ്യോഗസ്ഥർക്കും ഒപ്പം ക്ഷണിക്കപ്പെടാത്ത ഒരു അതിഥി ഉണ്ടായിരുന്നു. കറുത്ത നിറത്തിലെ 'കോന്നി " എന്ന ലാബ്രഡോർ റിട്രീവർ നായ. പുട്ടിന്റെ പ്രിയപ്പെട്ട വളർത്തുമൃഗം. അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിനെ പോലും കൂസാത്ത കോന്നി.
ലോക നേതാക്കളുമൊത്തുള്ള ഔദ്യോഗിക ചർച്ചകളിൽ പോലും അനുവാദം കൂടാതെ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം പുട്ടിൻ കോന്നിയ്ക്ക് നൽകിയിരുന്നു. ഒരിക്കൽ ബുഷിനോട് പുട്ടിൻ കോന്നിയെ പറ്റി പറഞ്ഞത് ഇങ്ങനെ: ' വലുത്, ശക്തം, കടുപ്പം, വേഗം... ബാർണിയേക്കാൾ!". ബുഷിന്റെ വളർത്തുനായ ആയിരുന്നു ബാർണി.
പറഞ്ഞത് ബാർണിയെ ആണെങ്കിലും കുത്തിയത് തന്നെയാണെന്ന് ബുഷിന് മനസിലായി. പുട്ടിന്റെ 'പവർ ഗെയിമു"കളുടെ ഭാഗം കൂടിയാണ് കോന്നിയെന്ന് പണ്ടേ സംസാരമുണ്ടായിരുന്നു. ഇതാണ് ആംഗല തന്റെ പുസ്തകത്തിലും പറയുന്നത്. 1995ൽ നായയുടെ കടിയേറ്റ ശേഷം ആംഗലയ്ക്ക് നായകളോട് ഭയമാണ്. തന്റെ ഭയത്തെ കോന്നിയെ ഉപയോഗിച്ച് പുട്ടിൻ ബോധപൂർവ്വം മുതലെടുത്തെന്നാണ് ആംഗല പറയുന്നത്.
കോന്നി അടുത്തെത്തുമ്പോൾ ആംഗലയുടെ മുഖത്ത് ഭയത്തിന്റെ ഭാവങ്ങൾ വ്യക്തമായിരുന്നു. ആംഗലയുടെ ഭയം പുട്ടിൻ ആസ്വദിച്ചത്രെ. എന്നാൽ, ആംഗലയുടെ ഭയം തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും അവരെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പുട്ടിൻ പറയുന്നു. ആംഗല എപ്പോഴെങ്കിലും എത്തിയാൽ അത് ആവർത്തിക്കില്ലെന്നും പുട്ടിൻ പറയുന്നു. ഈ കൂടിക്കാഴ്ച മുമ്പും വിവാദമായിരുന്നു. അന്നും പുട്ടിൻ ക്ഷമാപണം നടത്തിയിരുന്നു.
എല്ലാം എതിരാളിയെ ഭയപ്പെടുത്താനുള്ള പഴയ കെ.ജി.ബി ചാരന്റെ ട്രിക്കുകളാണോ. അതോ ഹൃദയംതൊട്ട ക്ഷമാപണമാണോ ഇത്. നായകൾ പുട്ടിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആരാണെന്നതിൽ സംശയമില്ല. ഒന്നാം വയസിൽ പുട്ടിന്റെ കൈകളിലെത്തിയ കോന്നി 2014 ലാണ് വിടവാങ്ങിയത്. ബഫി, യൂമെ, വെർനി, പാഷ എന്നിവയും പുട്ടിന്റെ പ്രിയപ്പെട്ട വളർത്തുനായകളാണ്.