പ്രളയ ക്യാമ്പുകളിൽ സഹായമെത്തിക്കാൻ സർക്കാരിനായില്ല : ചെന്നിത്തല
തൃശൂർ: പ്രളയ ക്യാമ്പുകളിൽ വേണ്ടത്ര സഹായമെത്തിക്കാൻ സർക്കാരിനായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആനുകൂല്യം നൽകാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐ.എൻ.ടി.യു.സി ചുമട്ടു തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം തൃശൂർ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെയർടേക്കർ സർക്കാരാണ് കേരളം ഭരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 19 ലോക്‌സഭാ മണ്ഡലത്തിലും പരാജയപ്പെട്ടതോടെ എൽ.ഡി.എഫ് സർക്കാരിന് ജനപിന്തുണ നഷ്ടമായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഉപദേശകരെ തട്ടി നടക്കാനാവാത്ത അവസ്ഥയാണ് സെക്രട്ടേറിയറ്റിൽ. ഓരോ ദിവസവും കാബിനറ്റ് പദവികൾ സൃഷ്ടിച്ച് ഖജനാവിനെ കൊള്ളയടിക്കുകയാണ്. ഇത്രയും ഉപദേശം കിട്ടിയിട്ടും കേരളത്തിന്റെ അവസ്ഥ ഇതാണെന്നും ചെന്നിത്തല പറഞ്ഞു.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹന്നാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖർ, തേറമ്പിൽ രാമകൃഷ്ണൻ, പി.എ. മാധവൻ, ഡോ. ശൂരനാട് രാജശേഖരൻ, എ.കെ. ഹഫീസ്, ടി.യു. രാധാകൃഷ്ണൻ, ജോസഫ് ചാലിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.