നസ്രിയയുടെ നാത്തൂൻ സിനിമാ മേഖലയിൽ നിന്ന്; നവീന്റെ വധുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്
കഴിഞ്ഞ ദിവസമാണ് നടി നസ്രിയ നസിമിന്റെ സഹോദരനും നടനുമായ നവീൻ നസീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ഫഹദും നസ്രിയയുമായിരുന്നു ചടങ്ങിന് ചുക്കാൻ പിടിച്ചത്.
അളിയന് വാച്ച് കെട്ടിക്കൊടുക്കുന്ന ഫഹദിന്റെ വീഡിയോയും നാത്തൂന് മാല ഇട്ടുകൊടുക്കുന്ന നസ്രിയയുടെ വീഡിയോയുമൊക്കെ അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡയമണ്ട് നെക്ലേസാണ് നസ്രിയ നൽകിയത്. സൗബിൻ ഷാഹിർ, സുഷിൻ ശ്യാം, വിവേക് ഹർഷൻ എന്നിവരും വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
ചടങ്ങിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം പുറത്തുവന്നതിന് പിന്നാലെ ആരാണ് നവീന്റെ വധുവെന്ന് ചോദിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. അതിനുള്ള ഉത്തരം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.
ഫിസ സജീല എന്നാണ് നസ്രിയയുടെ നത്തൂന്റെ പേര്. ഫാഷൻ ഡിസൈനറായ ഫിസ ആവേശം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലുമെത്തി. ചിത്രത്തിൽ കോസ്റ്റ്യം ഡിസൈനറായ മഷർ ഹംസയുടെ സഹായിയായിരുന്നു ഫിസ. ആവേശത്തിൽ സംവിധാന സഹായിയായി നവീനും പ്രവർത്തിച്ചിരുന്നു. ഈ സൗഹൃദമാകാം വിവാഹത്തിലേക്കെത്തിയതെന്നാണ് ആരാധകർ പറയുന്നത്.
നസീമുദ്ദീനിന്റെയും ബീനയുടെയും മകനാണ് നവീൻ. നസ്രിയയും നവീനും തമ്മിൽ ഒരു വയസിന്റെ വ്യത്യാസമാണുള്ളത്. ഒരേ ദിവസം തന്നെയാണ് ഇരുവരുടെയും ജന്മദിനം എന്ന പ്രത്യേകതയുമുണ്ട്. അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീൻ നസീം വെള്ളിത്തിരയിലെത്തിയത്.