'കേട്ടറിവ് മാത്രമുള്ള കലിംഗരായർ കുടുംബത്തിൽ നിന്ന് ബന്ധം ലഭിച്ചത് പുണ്യം'; താരിണി മരുമകൾ അല്ല, മകളെന്ന് ജയറാം
കാളിദാസ് ജയറാമിന്റെ വിവാഹാഘോഷത്തിലാണ് നടൻ ജയറാമും കുടുംബവും. ഡിസംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് കാളിദാസിന്റെയും താരിണി കലിംഗരായരുടെും വിവാഹം. അതിന് മുന്നോടിയായുള്ള ആഘോഷങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
ഇന്നലെ ചെന്നൈയിൽ വച്ചാണ് പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പാർവതിയും താനും ഏറെ സ്വപ്‌നം കണ്ടിരുന്ന ദിവസമാണ് കാളിദാസിന്റെ വിവാഹമെന്നാണ് ചടങ്ങിൽ വികാരഭരിതനായി ജയറാം പറഞ്ഞത്. കേട്ടുകേൾവി മാത്രമുള്ള ചെന്നൈയിലെ കലിംഗരായർ കുടുംബത്തിൽ നിന്നും ഒരു ബന്ധം ലഭിക്കുന്നത് മുജ്ജന്മ സുകൃതമാണെന്നും ജയറാം ചടങ്ങിൽ പറഞ്ഞു.
താരിണിയെ മരുമകളായല്ല, മകളായിട്ടാണ് സ്വീകരിക്കുന്നതെന്നും ജയറാം പറഞ്ഞു. കലിംഗരായർ കുടുംബത്തെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ജമീന്താർ ഫാമിലിയിൽ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി താരിണി വന്നത് ദൈവത്തിന്റെ പുണ്യമാണെന്നും ജയറാം കൂട്ടിച്ചേർത്തു.
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിതെന്നാണ് കാളിദാസും താരിണിയും ചടങ്ങിൽ പറഞ്ഞത്. എല്ലാവരുടെയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും കാളിദാസ് പറഞ്ഞു. പ്രീ വെഡ്ഡിംഗ് ചടങ്ങിൽ മാളവിക ജയറാമും ഭർത്താവ് നവീനും നിറസാന്നിദ്ധ്യമായിരുന്നു.
കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കാളിദാസും താരിണിയും ഒന്നിക്കുന്നത്. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത താരിണി, 2019ൽ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കാളിദാസിന്റെ വിവാഹത്തിന് ആദ്യം ക്ഷണിച്ചത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയാണ്. അദ്ദേഹത്തിന്റെ ചെന്നൈയിലെ വസതിയിലെത്തിയാണ് കുടുംബം ക്ഷണക്കത്ത് കൈമാറിയത്. ഇതിന്റെ ചിത്രങ്ങളും കാളിദാസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.