പണം ഇരട്ടിപ്പിക്കാൻ പ്രത്യേക വസ്‌ത്രം ധരിക്കണമെന്ന് വ്യവസായിയോട് ആവശ്യപ്പെട്ടു; ജിന്നുമ്മ മുമ്പും പ്രവാസികളെ ഇരയാക്കി

Friday 06 December 2024 11:41 AM IST

കാസർകോട്: പ്രവാസി വ്യവസായി കാസർകോട് പള്ളിക്കര പൂച്ചക്കാട്ടെ അബ്ദുൾ ഗഫൂർ ഹാജിയുടെ (55) കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അബ്ദുൾ ഗഫൂറിൽ നിന്ന് തട്ടിയെടുത്ത സ്വർണം പ്രതികൾ ആഡംബര ജീവിതത്തിനും ഭൂമിയിടപാടിനും ഉപയോഗിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ജില്ലയ്ക്കകത്തും പുറത്തുമുള്ള വിവിധ ജുവലറികളിലാണ് സ്വർണം വിറ്റത്. അതിനാൽത്തന്നെ അന്വേഷണം കാസർകോടിന് പുറത്തേക്കും വ്യാപിപ്പിക്കും. പ്രതികൾക്ക് കർണാടകയിലടക്കം കണ്ണികളുണ്ടെന്ന് അബ്‌ദുൾ ഗഫൂറിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

കേസിൽ വീടുകളിൽ പോയി ആഭിചാരക്രിയ നടത്തുന്ന മന്ത്രവാദിനി ഉദുമ മീത്തലെ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി കെ.എച്ച് ഷമീന എന്ന ജിന്നുമ്മ (38), ഭർത്താവ് ഉളിയത്തടുക്ക നാഷണൽ നഗർ സ്വദേശി ടി എം ഉബൈദ് എന്ന ഉവൈസ് (32), സഹായികളായ പള്ളിക്കര കീക്കാൻ മുക്കൂട് ജീലാനി നഗറിലെ അസ്നിഫ (36), മധൂർ കൊല്ല്യ ഹൗസിൽ ആയിഷ (43) എന്നിവരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തിരുന്നു.

ജിന്നുമ്മ മുമ്പും കേസുകളിൽ പ്രതിയായിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒരു പ്രവാസിയെ ഹണിട്രാപ്പിൽ കുടുക്കി ആഭരണങ്ങളും പണവും കൈക്കലാക്കിയിരുന്നു. അന്ന് രണ്ടാഴ്‌ച ജയിലിൽ കിടന്നിരുന്നു. 2023 ഏപ്രിൽ 14നായിരുന്നു ഗഫൂറിന്റെ കൊലപാതകം നടന്നത്. ഗഫൂറിന്റെ വീട്ടിലുണ്ടായിരുന്ന 596 പവൻ തട്ടിയെടുക്കാനായിരുന്നു കൊലപാതകം നടത്തിയത്.

മാന്ത്രിക വിദ്യയിലൂടെ പണം ഇരട്ടിപ്പിക്കാമെന്ന് വിശ്വസിപ്പിക്കുകയാണ് ഇവർ ആദ്യം ചെയ്‌തത്. ദുർമന്ത്രവാദം ചെയ്യുന്ന സമയത്ത് ഒറ്റയ്ക്കായിരിക്കണമെന്നും പ്രത്യേക വസ്ത്രം ധരിക്കണമെന്നും പ്രതികൾ ഗഫൂറിനോട് പറഞ്ഞു. അങ്ങനെ ഇദ്ദേഹം ഭാര്യയേയും മകളെയുമൊക്കെ ബന്ധുവീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. പിറ്റേന്ന് വീട്ടുകാർ തിരിച്ചെത്തിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.