350 കിലോമീറ്റർ ഓടിയെത്താൻ വേണ്ടത് വെറും അരമണിക്കൂർ,​ ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് പൂർത്തിയായി

Friday 06 December 2024 2:28 PM IST

ന്യൂഡൽഹി: വിമാനത്തിലെന്നപോലെ അതിവേഗം യാത്രചെയ്യാനുള്ള ക്യാപ്‌സ്യൂൾ ആകൃതിയിലെ ട്രെയിൻ സർവീസായ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് പൂ‌ർത്തിയായി. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് വിവരം സൂചിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഐഐടി മദ്രാസ് ക്യാമ്പസ് ഡിസ്‌കവറി ക്യാമ്പസിലാണ് പരീക്ഷണ ട്രാക്ക് പൂർത്തിയായിരിക്കുന്നത്.

410 മൈൽ നീളമുള്ള പരീക്ഷണ ട്രാക്കിന്റെ ദൃശ്യങ്ങളാണ് കേന്ദ്രമന്ത്രി അറിയിച്ചത്. ഐഐടി മദ്രാസ് ആവിഷ്‌കാർ ഹൈപ്പർലൂപ്പ് ടീം,​ ഇന്ത്യൻ റെയിൽവെ ഒപ്പം സ്റ്റാർട്ടപ്പ് കമ്പനിയായ ട്യൂടർ ഹൈപ്പർ ലൂപ്പ് എന്നിവർ ചേർന്നാണ് ഇത് തയ്യാറാക്കിയത്. ഹൈപ്പർലൂപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചു.

മാഗ്‌നെ‌റ്റിക് ലെവിറ്റേഷൻ സാങ്കേതിക വിദ്യ

മാഗ്‌നെ‌റ്റിക് ലെവിറ്റേഷൻ എന്ന സാങ്കേതിക വിദ്യയനുസരിച്ചാണ് ഹൈപ്പർ‌ലൂപ്പ് പ്രവർത്തിക്കുക. കുറഞ്ഞ മർദ്ദത്തിൽ മാ‌ഗ്നെറ്റിക് ലെവിറ്റേഷൻ വഴി വിമാനത്തിന് സമാനമായ വേഗതയിൽ ആളുകളെയും ചരക്കുകളെയും ദൂരങ്ങളിൽ എത്തിക്കാൻ കഴിയും. ഊർജ്ജ ചെലവ് കുറവായ, ഒപ്പം കാർബൺ ന്യൂട്രൽ ആകാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് ഹൈപ്പർലൂപ്പ് ശക്തിപകരും.

350 കിലോമീറ്റർ ദൂരം പിന്നിടാൻ വെറും അരമണിക്കൂർ

ചെന്നൈ മുതൽ ബംഗളൂരു വരെയുള്ള 350 കിലോമീറ്റർ ദൂരം വെറും അരമണിക്കൂർ മതിയാകും ഹൈപ്പർലൂപ്പിന് മറികടക്കാൻ. മദ്രാസ് ഐഐടി 2017ൽ ആണ് 'ആവിഷ്‌കാർ ഹൈപ്പർലൂപ്പ്' ആരംഭിച്ചത്. 70 വിദ്യാർത്ഥികൾ അടങ്ങുന്ന സംഘമായിരുന്നു ഇതിലുള്ളത്. ഹൈപ്പർലൂപ്പ് വഴിയുള്ള ഗതാഗത സൗകര്യം വർദ്ധിപ്പിക്കാനുള്ള ആശയങ്ങൾ പ്രയോഗിക്കാനുള്ള ഇടമായിരുന്നു ഇതിൽ.

കേന്ദ്ര സർക്കാരിനൊപ്പം സ്‌റ്റീൽ ഭീമനായ ആർസെലർ മിത്തലും ഈ പദ്ധതിയിൽ പങ്കാളിയായി. പദ്ധതിയ്‌ക്ക് ആവശ്യമായ പ്രധാന വസ്‌തുക്കൾ മിത്തലാണ് നൽകിയത്. എലോൺ മസ്‌കും അദ്ദേഹത്തിന്റെ സ്ഥാപനം സ്‌പേസ് എക്‌സുമാണ് ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ ഏറെ പ്രോത്സാഹി‌പ്പിച്ചത്. ഐഐടി മദ്രാസിലെ ആവിഷ്‌കാർ ഹൈപ്പർലൂപ്പിന് 2019ൽ സ്‌പേസ്‌ എക്‌സ് നടത്തിയ ഹൈപ്പർ‌ലൂപ്പ് പോഡ് മത്സരത്തിൽ ആഗോള റാങ്കിംഗിൽ മികച്ച പത്തെണ്ണത്തിൽ ഒന്നാകാനായി. ഏഷ്യയിൽ നിന്നുള്ള ഏക ടീമാണ് ആവിഷ്‌കാർ ഹൈപ്പർലൂപ്പ്. 2023ൽ യൂറോപ്യൻ ഹൈപ്പർലൂപ്പ് വീക്കിൽ ആഗോളതലത്തിലെ മികച്ച മൂന്ന് ഹൈപ്പ‌ർലൂപ്പുകളിൽ ഒന്നുമായി.

ട്യുടർ ഹൈപ്പർ ലൂപ്പ്

ട്യുടർ ഹൈപ്പർ ലൂപ്പ് ഐഐടി മദ്രാസിൽ നിന്നും പ്രവർത്തിക്കുന്ന ഒരു ഡീപ് ടെക് സ്‌റ്റാർട്ടപ്പാണ്. ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ വാണിജ്യവൽക്കരിക്കുന്നതിന്റെ ഭാഗമായി നാഷണൽ സെന്റർ ഫോർ കംബഷൻ റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് 2022ൽ ഐഐടി മദ്രാസിൽ ഈ സ്റ്റാർട്ടപ്പ് പ്രവർത്തനം തുടങ്ങി.

2022 മാർച്ചിലാണ് ഹൈപ്പർലൂപ്പ് പ്രോജക്‌ടിനായി ഐഐടി മദ്രാസ് കേന്ദ്ര റെയിൽവെ മന്ത്രാലയത്തെ സമീപിച്ചത്. 8.34 കോടി രൂപയായിരുന്നു അന്ന് പദ്ധതിയ്‌ക്ക് ചെലവ് കണക്കുകൂട്ടിയിരുന്നത്. 600 കിലോമീറ്റർ വേഗത്തിൽ വരെ നിലവിലെ ട്രാക്കിലൂടെ കുതിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.