'പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നര മാസം വൈകിച്ചു'; വയനാട് ദുരന്ത സഹായത്തിൽ സംസ്ഥാന സർക്കാരിനെ പഴിച്ച് കേന്ദ്രം

Friday 06 December 2024 2:48 PM IST

ന്യൂഡൽഹി: വയനാടിനുള്ള ദുരന്ത സഹായം വൈകുന്നതിൽ സംസ്ഥാന സർക്കാരിനെ പഴിച്ച് കേന്ദ്ര സർക്കാർ. പ്രിയങ്ക ഗാന്ധി നേരിട്ടുകണ്ട് സമർപ്പിച്ച നിവേദനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി. സംസ്ഥാനം വിശദ നിവേദനം നൽകിയത് നവംബർ 13ന് മാത്രമാണെന്നും അദ്ദേഹം ആവർത്തിച്ചു.

വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നൽകുന്നതിൽ കേരളം വലിയ കാലതാമസം വരുത്തി. പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നര മാസം വൈകിപ്പിച്ചു. ദുരന്ത സമയത്ത് കേരളത്തിന് വേണ്ട എല്ലാ സഹായവും നൽകി. നിരന്തരം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും സേനകളെ നൽകുകയും ചെയ്‌തു. കേരളത്തിന് ഉചിതമായ സഹായം നൽകുമെന്നും നിവേദനം സെക്രട്ടറിമാരുടെ സമിതി പരിശോധിക്കുകയാണെന്നും അമിത് ഷായുടെ കുറിപ്പിൽ പറയുന്നു.

ദുരന്തങ്ങളെ രാഷ്‌ട്രീയവൽക്കരിക്കരുതെന്ന് അമിത് ഷായുടെ കുറിപ്പ് എക്‌സിൽ പങ്കുവച്ച് പ്രിയങ്ക കുറിച്ചു. ദുരന്തങ്ങളുടെ ഇരകളെ പിന്തുണയ്‌ക്കാനുള്ള ശ്രമങ്ങളിൽ മാനവികതയ്‌ക്കും അനുകമ്പയ്‌ക്കും മുൻഗണന നൽകണം. വയനാട്ടിലെ ജനങ്ങൾ സംസ്ഥാന - കേന്ദ്രസർക്കാരുകളെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. അവർക്ക് ഒഴിവുകഴിവുകളല്ല ആവശ്യം. അവരുടെ ജീവിതം അന്തസോടെ പുനർ നിർമിക്കാൻ അടിയന്തര സഹായം ആവശ്യമാണ്. മുറിവുണക്കാനും ജീവിതം പുനർനിർമിക്കാനും സർക്കാരിന്റെ എല്ലാ തലങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഇന്ത്യ ഏറ്റവും ശക്തമായി നിലകൊള്ളും. കേന്ദ്രവും സംസ്ഥാനവും മുന്നിട്ടിറങ്ങി വയനാട്ടിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.