കേരളം വിടരുത്, ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കണം; ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം. കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്‌ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതി അന്വേഷണത്തോട് സഹകരിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. പ്രതി പരാതിക്കാരിയെയോ കേസുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കാണാനോ പാടില്ലെന്നും പരാതിക്കാരിയുമായി ഫോണിൽ ബന്ധപ്പെടരുതെന്നും കോടതി നിർദേശിച്ചു.
പീഡനക്കേസിൽ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ നടൻ സിദ്ദിഖിന്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകൻ ഷഹീൻ സിദ്ദിഖിനൊപ്പമാണ് നടൻ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.
നേരത്തേ സുപ്രീം കോടതിയിൽ നിന്ന് സിദ്ദിഖ് മുൻകൂർ ജാമ്യമെടുത്തിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടൻ ഇന്ന് കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകണമെന്ന വ്യവസ്ഥ നടപ്പാക്കാനായി സിദ്ദിഖിനെ വൈദ്യപരിശോധനയ്‌ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.