കാബൂളിൽ ചാവേറാക്രമണം: 63 മരണം
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വിവാഹസത്കാരച്ചടങ്ങിനിടെ നടന്ന ചാവേറാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 63 പേർ കൊല്ലപ്പെട്ടു. 182ഓളം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കാബൂളിലെ ഷഹർ–ഇ–ദുബായ് എന്ന ഹാളിലാണ് സ്ഫോടനം നടന്നത്. വിവാഹസത്കാരം നടന്ന ഹാളിൽ സ്ഫോടനസയത്ത് 400ലേറെപ്പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹാളിന്റെ ഒരു കിലോമീറ്റർ അകലെ വരെ സ്ഫോടനശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു. സത്കാരവേദിയിൽ പാട്ടുകച്ചേരി നടന്നതിനു സമീപമാണ് ചാവേർ പൊട്ടിത്തെറിച്ചത്. ഇവിടെയുണ്ടായിരുന്ന കുട്ടികളും യുവാക്കളുമടക്കം കൊല്ലപ്പെട്ടെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. 1200ഓളം ആളുകളെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നതായി അപകടത്തിൽനിന്ന് രക്ഷപ്പെട്ട അഹ്മദ് ഒമിദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഷിയാ മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. പത്ത് ദിവസം മുൻപ് കാബൂളിലെ ഒരു പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. താലിബാനും ഐസിസും ഒട്ടേറെ സ്ഫോടനങ്ങളാണ് കഴിഞ്ഞ കുറച്ചുകാലയളവിനുള്ളിൽ കാബൂളിൽ നടത്തിയിട്ടുള്ളത്.