'എന്റെ എല്ലാ മുന്‍ കാമുകന്‍മാരും യഥാര്‍ത്ഥ പ്രണയമെന്താണെന്ന് കണ്ടോളൂ': അമല പോളിന്റെ വിവാഹവാര്‍ഷിക വീഡിയോ

Friday 06 December 2024 8:00 PM IST

കോട്ടയം: വിവാഹ വാര്‍ഷികം ആഘോഷമാക്കി നടി അമല പോളും ഭര്‍ത്താവ് ജഗത് ദേശായിയും. കുമരകത്ത് വേമ്പനാട് കായലിന്റെ പശ്ചാത്തലത്തില്‍ മനോഹരമായി അലങ്കരിച്ച വേദിയും ഹൗസ്‌ബോട്ടും എല്ലാം ഉള്‍പ്പെടുത്തിയാണ് വിവാഹ വാര്‍ഷിക വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇത് തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നടി പങ്കുവിച്ചിട്ടുണ്ട്.

'എന്നെ എന്നും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രിയപ്പെട്ട ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍. എന്നും എപ്പോഴും പ്രണയിക്കുന്ന താങ്കളെ ലഭിച്ച ഞാനെത്ര ഭാഗ്യവതിയാണെന്ന് ഈ വിവാഹവാര്‍ഷിക ദിനത്തില്‍ ലഭിച്ച സമ്മാനം എന്നെ ഓര്‍മപ്പെടുത്തുന്നു. എന്നോട് വിവാഹാഭ്യര്‍ഥന നടത്തിയ ദിവസം മുതല്‍ നീ എനിക്ക് തരുന്ന മധുരതരമായ ഓരോ സര്‍പ്രൈസും നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കാന്‍ നീ എടുക്കുന്ന പരിശ്രമങ്ങള്‍ക്കുള്ള തെളിവാണ്. സാഹസികതയുടെയും സ്‌നേഹത്തിന്റെയും പുഞ്ചിരിയുടെയും ഒരു ജീവിതകാലം നമുക്ക് ലഭിക്കട്ടെ. ഒപ്പം എന്റെ എല്ലാ മുന്‍കാമുകന്മാരും യഥാര്‍ഥ പ്രണയമെന്തെന്ന് കാണുക'- വീഡിയോക്ക് ക്യാപ്ഷനായി അമല പോള്‍ കുറിച്ചു.

നടിയുടേയും ഭര്‍ത്താവിന്റേയും വീഡിയോക്ക് ആശംസകളുമായി നിരവധി ആരാധകരും എത്തി. കഴിഞ്ഞ വര്‍ഷമായിരുന്നു അമലയുടേയും ജഗത്തിന്റേയും വിവാഹം. അടുത്തിടെയാണ് ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. 2014ല്‍ സംവിധായകന്‍ എ.എല്‍ വിജയ് ആണ് അമലയെ ആദ്യം വിവാഹംചെയ്തത്. എന്നാല്‍ വെറും മൂന്ന് വര്‍ഷം മാത്രമായിരുന്നു ഈ ദാമ്പത്യബന്ധം നീണ്ടുനിന്നത്. 2017ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമല പുനര്‍വിവാഹം ചെയ്തത്.