എക്സ്റേയും പരിശോധനയും വലത് കാലില്‍, ശസ്ത്രക്രിയ ചെയ്തത് ഇടത് കാലിലും; പിന്നാലെ വിചിത്ര ന്യായീകരണം

Friday 06 December 2024 8:40 PM IST

ന്യൂഡല്‍ഹി: കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന ഡോക്ടറുടെ ആവശ്യം തള്ളി. സുപ്രീം കോടതിയാണ് ഡോക്ടര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ കാക്രന്‍ ആണ് കോടതിയെ സമീപിച്ചത്. വീടിനുള്ളില്‍ തെന്നിവീണ് പരിക്ക് പറ്റിയ രവി റായ് എന്ന യുവാവിനാണ് കാല് മാറി ശസ്ത്രക്രിയ ചെയ്തത്. വിഷയത്തില്‍ യുവാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒരു കോടി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചിരുന്നു.

ഫോര്‍ട്ടിസ് ആശുപത്രി അധികൃതര്‍ 90 ലക്ഷം രൂപയും, ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പത്ത് ലക്ഷം രൂപ വീതവും നല്‍കണമെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്. 2016ല്‍ ആണ് രവിക്ക് വീട്ടില്‍ തെന്നിവീണ് വലത് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ ഫോര്‍ട്ടിസില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഇടത് കാലിലും പരുക്കുണ്ടായിരുന്നതിന്റെയും രോഗിയായ രവി നല്‍കിയ വാക്കാലുള്ള സമ്മതത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയതെന്നായിരുന്നു ഡോക്ടര്‍മാരുടേയും ആശുപത്രിയുടേയും വാദം. എന്നാല്‍, എക്‌സ്‌റേ, മറ്റു സ്‌കാന്‍ പരിശോധനകള്‍ തുടങ്ങിയവ എടുത്തത് വലതുകാലില്‍ ആയിരുന്നുവെന്നു കണ്ടെത്തിയ കമ്മിഷന്‍ ഡോക്ടര്‍ക്കും ആശുപത്രിക്കും സംഭവിച്ചതു ഗുരുതര പിഴവാണെന്നു വിലയിരുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് പിഴത്തുക വിധിച്ചത്.

ഭീമമായ തുക പിഴയായി വിധിച്ചതിനെ തുടര്‍ന്നാണ് കുറ്റാരോപിതരായ ഡോക്ടര്‍മാരും ഫോര്‍ട്ടിസ് ആശുപത്രി അധികൃതരും ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ കമ്മീഷന്‍ വിധിച്ച പിഴത്തുകയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നും കണ്ടെത്തലുകള്‍ തെറ്റാണ് എന്ന് സ്ഥാപിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ ഡോക്ടര്‍മാര്‍ക്കോ ആശുപത്രിക്കോ കഴിഞ്ഞിട്ടില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.