ഫഹദിന്റെ നായിക ത്രിപ്തി
ഫഹദ് ഫാസിൽ നായകനായി ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ത്രിപ്തി ദിമ്രി നായിക. ഫഹദ് ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന ചിത്രത്തിന്റെ തിരക്കഥയും ഇംതിയാസ് അലിയുടേതാണ്. വിൻഡോ സീറ്റ് ഫിലിംസിന്റെ ബാനറിൽ ഇംതിയാസ് അലി നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തവർഷം മധ്യത്തിൽ ആരംഭിക്കും. സോച്ഛ നാതാ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഇംതിയാസ് അലി തമാശ, ഹൈവേ, തു അമർ സിംഗ് ചാംകല തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനാണ്. രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമൽ സിനിമയിലൂടെയാണ് ത്രിപ്തി ദിമ്രി പ്രേക്ഷക ഹൃദയം കീഴടക്കുന്നത്. സോയ എന്ന കഥാപാത്രം ചെറുതാണെങ്കിലും വൻ സ്വീകാര്യത ലഭിച്ചു. പ്രേക്ഷക ശ്രദ്ധ നേടിയതെ പോയ പോസ്റ്റർ ബോയ്സ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ലൈല മജ്നു, ബുൾബുൾ,ഖല എന്നീ ചിത്രങ്ങളിലെ പ്രകടനവും ശ്രദ്ധേയമായി.അതേസമയം പുഷ്പയുടെ രണ്ടാം ഭാഗത്തിലും ഫഹദ് ഫാസിൽ കഥാപാത്രം നിറഞ്ഞു നിൽക്കുന്നു. മലയാളം,തമിഴ്, തെലുങ്ക് ഭാഷകളിൽ മികച്ച കഥാപാത്രങ്ങളുമായി തിളങ്ങുന്ന ഫഹദ് ഫാസിൽ ബോളിവുഡിൽ ശക്തമായി ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഒാടും കുതിര ചാടും കുതിരയാണ് ഫഹദ് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക.