ചാരായം വാറ്റ്: സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പിടിയിൽ

Saturday 07 December 2024 1:36 AM IST

വാഗമൺ: വാഗമണ്ണിലെ റിസോർട്ടിൽ ചാരായം വാറ്റിയ സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും സഹായിയും പൊലീസ് പിടിയിൽ. സി.പി.എം പുള്ളിക്കാനം ലോക്കൽ കമ്മിറ്റിയംഗം വട്ടപതാൽ പടിയ്ക്കൽ പി.എ. അനീഷ് (49), സഹായിയും വാഗമൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കേരള ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടർ ബോർഡംഗം വാഗമൺ പുത്തൻവീട്ടിൽ അജ്മൽ മുഹമ്മദ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 200 ലിറ്റർ വാഷും വാറ്റിയ ഏതാനും ലിറ്റർ ചാരായവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം സി.പി.എം പുള്ളിക്കാനം ലോക്കൽ കമ്മിറ്റി സമ്മേളനത്തിലാണ് അനീഷിനെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. കോട്ടയം പൂഞ്ഞാർ സ്വദേശിയുടേതാണ് കണ്ണംകുളത്തിന് സമീപത്തെ റിസോർട്ട്. കുറേനാളായി അനീഷ് ഏറ്റെടുത്ത് നടത്തുകയായിരുന്നു. താമസക്കാരെ അനുവദിക്കാതെ,ഇവിടം കേന്ദ്രീകരിച്ച് ചാരായം വാറ്റുന്നതായി പൊലീസിന് വിവരം ലഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് റെയ്ഡ് നടത്തി ഇരുവരെയും പിടികൂടുകയായിരുന്നു. അനീഷ് സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവും 2005- 2010 കാലയളവിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി അഞ്ച് വർഷം മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിച്ചുവരുകയായിരുന്നു.