കുടുങ്ങിയ മലയാളികൾ സുരക്ഷിതർ ഉത്തരേന്ത്യയിൽ മഴ ശക്തം, ഹിമാചലിൽ മരണം 22 ആയി

Monday 19 August 2019 12:52 AM IST

ന്യൂഡൽഹി : കാലവർഷം കനത്തതോടെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ജമ്മുകാശ്‌മീർ എന്നിവിടങ്ങളിൽ ശക്തമായ മഴയാണ്. ഹിമാചൽ പ്രദേശിൽ 22 ഓളം പേർക്ക് ജീവൻ നഷ്ടമായി. പാർവതിവാലിയിൽ ട്രക്കിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന തെലുങ്കാനയിൽ നിന്നുള്ള യുവാവ് രാഘവ് (22) പാറക്കല്ല് ദേഹത്ത് വീണ് മരിച്ചു. ബക്രതാച്ച് വാലിയിൽ കുടങ്ങിയ 25 ഓളം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായി കുളു ഡെപ്യൂട്ടി കമ്മിഷണർ റിച്ച വർമ്മ അറിയിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് 13 ദേശീയപാതകളുൾപ്പെടെ 887 റോഡുകളിൽ ഭാഗികമായ പൂർണമായോ ഗതാഗതം തടസപ്പെട്ടു. ഷിംല ,കുളു, സോളൻ, ബിലാസ്‌പുർ, സിർമർ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

എഴുപത് വർഷങ്ങൾക്ക് ശേഷം ഹിമാചലിൽ 24 മണിക്കൂറിൽ ലഭിച്ച ഏറ്റവും കൂടുതൽ മഴയാണ് രേഖപ്പെടുത്തിയത്. സ്പതിയിൽ മഞ്ഞുവീഴ്ചയും റിപ്പോ‌ർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലേ - മണാലി ഹൈവേയിൽ പലയിടത്തും റോഡ് തകർന്നിട്ടുണ്ട്. രൂക്ഷമായ മണ്ണിടിച്ചിലിനെ തുടർന്ന് മലയാളികളടക്കമുള്ള വിനോദസഞ്ചാരികൾ ലേ മണാലി പാതയിൽ കുടുങ്ങിക്കിടക്കുകയാണ്. സ്ത്രീകളും കുട്ടികളമടങ്ങുന്ന യാത്രക്കാർ വാഹനത്തിനുള്ളിൽ തന്നെയാണുള്ളത്. അതേസമയം എല്ലാവരും സുരക്ഷിതരാണ്. സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ

ഉത്തരാഖണ്ഡിൽ മേഘസ്ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 38 പേർ മരിച്ചു. സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ ഒറ്റപ്പെട്ടു. കനത്ത നാശമുണ്ടായ ചമോലി ജില്ലയിൽ 15 പേർ മരിച്ചെന്നാണ് റിപ്പോ‌ർട്ട്. ടൺസ് നദിയിലെ വെള്ളപ്പൊക്കത്തിൽ 18 പേരെ കാണാതായി. 20 വീടുകൾ ഒലിച്ചുപോയി. രുദ്രപ്രയാഗിൽ എല്ലാ ഘട്ടുകളും വെള്ളത്തിൽ മുങ്ങി. അളകനന്ദ നദി കരകവിഞ്ഞു. ഉത്തരകാശിയിൽ ഇന്നലെ മേഘസ്ഫോടനത്തെ തുടർന്ന് ഇൻഡോ - ടിബറ്റൻ ബോർഡർ പൊലീസ്, എൻ.ഡി.ആർ.എഫ്, ദുരന്തനിവാരണ സേന എന്നിവരെ രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗോത്രി ഹൈവേ അടച്ചു. അടുത്ത മൂന്നുദിവസവും ഉത്തരകാശിയിലും ചമോലി, ഡെറാഡൂൺ, നൈനിറ്റാൾ ജില്ലകളിലും കനത്തമഴയാണ് പ്രവചിക്കുന്നത്. സഞ്ചാരികൾക്ക് നിയന്ത്രണമുണ്ട്. ഉത്തരാഖണ്ഡിൽ 2013ലെ പ്രളയത്തിൽ ആയിരത്തോളം പേർ മരിച്ചിരുന്നു.

ശക്തമായ മഴയത്തുടർന്ന് ബക്ര അണക്കെട്ട് തുറന്നതോടെ പഞ്ചാബിലെ പല ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജലന്ധറിൽ സത്‌ലജ് നദിക്ക് സമീപത്തെ 85 ഗ്രാമങ്ങളിൽ നിന്നുള്ളവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും.

രാജസ്ഥാനിലെ പതിനൊന്നു ജില്ലകളിൽ കൂടുതൽ മഴ രേഖപ്പെടുത്തി. 201 ഡാമുകൾ നിറഞ്ഞു. ചമ്പൽ നദി അപകടകരമായി നിറ‌ഞ്ഞൊഴുകുകയാണ്. 40 ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

ശനിയാഴ്ച ഡൽഹിയിലും മഴ ശക്തമായിരുന്നു. ഹരിയാനയിലെ ഹത്തിനി കുണ്ട് അണകെട്ടിലെ ജലം ഒഴുക്കിവിടുന്നത് യമുനാ നദിയിലെ ജലനിരപ്പ് കുത്തനെ ഉയർത്തിയിട്ടുണ്ട്.