തൃശൂർ പൂരം: നിയന്ത്രണങ്ങൾ പുന:പരിശോധിക്കണം

Saturday 07 December 2024 1:29 AM IST

തൃശൂർ: ആന എഴുന്നള്ളത്ത്, വെടിക്കെട്ട് നിയന്ത്രണങ്ങൾമൂലം തൃശൂർ പൂരം നടത്തിപ്പ് ഉപേക്ഷിക്കേണ്ട സാഹചര്യം പോലുമുണ്ടാകാമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. ഇക്കാര്യത്തിൽ വേണ്ടിവന്നാൽ സുപ്രീംകോടതിയെ സമീപിക്കും. പൂരം പതിവുപോലെ പ്രൗഢിയോടെ നടത്താനുള്ള സാഹചര്യമുണ്ടാക്കണം. തടസമാകുന്ന നിയന്ത്രണങ്ങൾ പുന:പരിശോധിക്കണം. വേണ്ടിവന്നാൽ സർക്കാർ നിയമനിർമ്മാണം നടത്തണം. പൂരം, ഉത്സവം, പെരുന്നാൾ, നേർച്ച തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ നാളെ വൈകിട്ട് അഞ്ചിന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ആചാര സംരക്ഷണ കൂട്ടായ്മ നടത്തും.