അഗസ്റ്റ വെസ്റ്റ്ലാൻഡ് : ബ്രിട്ടീഷ് പൗരന്റെ ജാമ്യാപേക്ഷയിൽ സി.ബി.ഐക്ക് നോട്ടീസ്
Saturday 07 December 2024 2:41 AM IST
ന്യൂഡൽഹി : അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്‌റ്റർ അഴിമതിക്കേസിൽ ഇടനിലക്കാരനായ ബ്രിട്ടീഷ് പൗരൻ ക്രിസ്‌ത്യൻ ജെയിംസ് മിഷേൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ സി.ബി.ഐക്ക് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവ്. നാലാഴ്ചയ്‌ക്കകം നിലപാട് അറിയിക്കാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. 2018 ഡിസംബർ മുതൽ തീഹാർ ജയിലിൽ കഴിയുകയാണ് ബ്രിട്ടീഷ് പൗരൻ. ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് അഡ്വ. അൽജോ കെ. ജോസഫ് മുഖേന സുപ്രീംകോടതിയെ സമീപിച്ചത്.2022ലും ഇടനിലക്കാരന്റെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഇടപെട്ടിരുന്നില്ല. യു.പി.എ ഭരണകാലത്തെ ഇടപാടുമായി ബന്ധപ്പെട്ട് 225 കോടിയിൽപ്പരം ക്രിസ്‌ത്യൻ ജെയിംസ് മിഷേലിന് ലഭിച്ചുവെന്നാണ് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയത്.