കാമുകിയുടെ സ്വകാര്യവീഡിയോകൾ പ്രചരിപ്പിക്കും, യുവാവ് തട്ടിയെടുത്തത് ആഡംബരകാറും രണ്ടരക്കോടി രൂപയും

Saturday 07 December 2024 11:27 AM IST

ബംഗളൂരു: കാമുകിയുടെ സ്വകാര്യവീഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കോടികൾ തട്ടിയ പ്രതി അറസ്​റ്റിൽ. കാമുകനായ മോഹൻകുമാറാണ് പിടിയിലായത്. ബംഗളൂരു സ്വദേശിയായ യുവതിയിൽ നിന്നാണ് രണ്ടരക്കോടിയിലധികം രൂപ ഇയാൾ പലപ്പോഴായി തട്ടിയെടുത്തത്. ആവശ്യപ്പെട്ട പണം ലഭിച്ചിട്ടും ഭീഷണി തുടർന്നതോടെയാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്.

പഠിക്കുന്ന കാലത്ത് മോഹൻകുമാറും യുവതിയും ബോർഡിംഗ് സ്‌കൂളിൽ വച്ചാണ് സൗഹൃദത്തിലായത്. ഉറ്റസുഹൃത്തുക്കളായിരുന്നെങ്കിലും ഇരുവരും പഠനം അവസാനിച്ചതോടെ പിരിയുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം മോഹൻകുമാറും യുവതിയും വീണ്ടും കണ്ടുമുട്ടുകയായിരുന്നു. ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് മോഹൻകുമാർ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. അങ്ങനെ ഇരുവരും ഒന്നിച്ച് യാത്രകൾ നടത്തുകയും ചെയ്തു. ഈ അവസരങ്ങളിൽ യുവതിയുമായുളള സ്വകാര്യവിഡിയോകൾ പ്രതി എടുത്തിരിക്കുന്നു. തനിക്ക് വീണ്ടും കാണാൻ വേണ്ടിയാണെന്ന് പറഞ്ഞാണ് മോഹൻകുമാർ വീഡിയോ എടുത്തത്. വീഡിയോകളിൽ യുവാവിന്റെ മുഖം വ്യക്തമായിരുന്നില്ല.

ദിവസങ്ങൾ കഴിഞ്ഞതോടെ പ്രതി യുവതിയോട് പല ആവശ്യങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പണം കൊടുത്തില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ പേടിച്ച യുവതി മുത്തശ്ശിയുടെ അക്കൗണ്ടിൽ നിന്ന് ഒന്നര കോടി രൂപ മോഹൻകുമാറിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഭീഷണി തുടർന്നതോടെ യുവതി വീണ്ടും പണം അയച്ചുകൊടുത്തു. പിന്നാലെ പ്രതി യുവതിയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ചുകളും ആഭരണങ്ങളും ആഡംബര കാറും തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

2.57 കോടി രൂപയാണ് യുവതിയിൽ നിന്ന് മോഹൻകുമാർ തട്ടിയെടുത്തതെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. 80 ലക്ഷം രൂപ തിരികെ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.