ഞങ്ങൾക്ക് കഴിയില്ലെന്ന് പറഞ്ഞ് ബ്രിട്ടീഷുകാർ ഉപേക്ഷിച്ച പദ്ധതി, ഒരു മലയാളി വന്ന് ചെയ‌്തു കാണിച്ചു
ലോകത്തിലെ ഏറ്റവും സുന്ദരമായ റെയിൽ പാതകളിൽ ഒന്നാണ് കൊങ്കൺ റെയിൽവേ. കർണാടക, ഗോവ, മഹാരാഷ്‌ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിലായാണ് കൊങ്കൺ റെയിൽപ്പാത കടന്നുപോകുന്നത്. മംഗലാപുരം മുതൽ മഹാരാഷ്ട്രയുടെ തെക്കുപടിഞ്ഞാറൻ ജില്ലകൾ വരെ ഈ പാത കടന്നു പോകുന്നു. കിഴക്ക് ഭാഗത്ത് പശ്ചിമഘട്ടവും പടിഞ്ഞാറ് അറബിക്കടലുമാണ് കൊങ്കൺ പാതയെ മനോഹരമാക്കുന്നത്. മലനിരകളും പുഴകളും കടൽത്തീരവുമെല്ലാം ആസ്വദിച്ച് യാത്ര ചെയ്യാൻ സഞ്ചാരികൾക്ക് സാധിക്കും.
അതീവ ദുർഘടമായ പ്രദേശങ്ങളിലൂടെ ഇത്തരത്തിലൊരു വിസ്‌മയം പണി തീർത്തത് മലയാളിയായ ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ്. തങ്ങൾക്ക് കഴിയില്ലെന്ന് പറഞ്ഞ് ബ്രീട്ടീഷുകാർ പോലും ഉപേക്ഷിച്ച പദ്ധതി പതിറ്റാണ്ടുകൾക്ക് ശേഷം ശ്രീധരൻ ഏറ്റെടുത്ത് സാക്ഷാത്കരിക്കുകയായിരുന്നു. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ എന്ന കമ്പനി രൂപീകരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. മനുഷ്യപ്രയത്നത്തിന്റെ അപാരമായ ശക്തിയെ കുറിക്കുന്നതാണ് ഈ നിർമ്മിതി.
മംഗലാപുരത്തേയും മഹാരാഷ്‌ട്രയിലെ റോഹയേയും ബന്ധിപ്പിച്ച് കടന്നുപോകുന്ന കൊങ്കൺ പാതയ‌്ക്ക് 760 കിലോമീറ്റർ ദൂരം ദൈർഘ്യമുണ്ട്. 72 സ്റ്റേഷനുകളാണ് ഇതിനിടയിലുള്ളത്. മുംബയിലേക്കുള്ള പ്രയാസകരമായ യാത്രാ ദൈർഘ്യം കുറയ്‌ക്കുകയായിരുന്നു കൊങ്കൺ പാതയുടെ നിർമ്മാണോദ്ദേശ്യം. കൊങ്കൺ നിലവിൽ വരുന്നതിന് മുമ്പ് കേരളത്തിൽ നിന്ന് മുംബയിൽ എത്തണമെങ്കിൽ 36 മണിക്കൂർ വേണ്ടി വന്നിരുന്നു. കൊങ്കൺ പാത യാഥാർത്ഥ്യമായപ്പോൾ 24 മണിക്കൂറായി യാത്രാദൈർഘ്യം കുറഞ്ഞു. മുംബയിൽ നിന്ന് മംഗളൂരു വരെ യാത്ര ചെയ്‌തിരുന്ന ട്രെയിൻ യാത്രികന് യാത്രാ സമയം 41 മണിക്കൂറിൽ നിന്ന് 15 മണിക്കൂറായി താഴ്‌ന്നു എന്നറിയുന്നിടത്താണ് കൊങ്കൺ റെയിൽപ്പാതയുടെ പ്രാധാന്യം.
91 തുരങ്കങ്ങൾ, 190 വലിയ പാലങ്ങൾ, 1290 ചെറിയ പാലങ്ങൾ, 6.5 കിലോമീറ്റർ വരുന്ന രാജ്യത്തെ ഏറ്റവും വലിയ തുരങ്കമായ കൽബുർഗി അടക്കം കൊങ്കൺപാതയുടെ ഭാഗമാണ്. ഇത്രയും ബൃഹത്തായ റെയിൽപ്പാത പൂർത്തിയാക്കാൻ വേണ്ടിവന്നത് ഏഴ് വർഷവും മൂന്ന് മാസവും മാത്രമാണ്. ഇതിഹാസതുല്യമായ കഠിനാദ്ധ്വാനം. റെയിൽവേ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസ്, ധനകാര്യമന്ത്രിയായിരുന്ന മധു ദന്തവതേ എന്നിവർക്കൊപ്പം ഇ. ശ്രീധരനും ചേർന്നപ്പോൾ തടസങ്ങളെല്ലാം വഴിമാറി.
വിശദമായ ഡിപിആർ തന്നെ ജോർജ് ഫെർണാണ്ടസ് ഇ. ശ്രീധരനോട് ആവശ്യപ്പെട്ടു. ശ്രീധരൻ പങ്കുവച്ച റിസ്‌ക് ഫാക്‌ടറുകൾ മനസിലാക്കിയ ജോർജ് ഫെർണാണ്ടസ് നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ചർച്ച നടത്തി. പ്രധാനമന്ത്രി വി.പി സിംഗിന്റെ പിന്തുണലഭിച്ചതോടെ സാങ്കേതിക തടസങ്ങളെല്ലാം മാറി. റെയിൽവേയെ കൊണ്ട് ഒറ്റയ‌്ക്ക് കൂട്ടിയാൽ കൂടില്ലെന്ന് മനസിലായതോടെ സാമ്പത്തികം കണ്ടെത്തുന്നതിനായി പാത കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ കൂടി പിന്തുണ തേടി.
പദ്ധതിയിൽ നിയോഗിക്കപ്പെട്ട ട്രെയിനി എഞ്ചിനീയർമാർ ദുർഘടമായ പാതകളിലൂടെ സഞ്ചരിച്ചത് കാറിലോ ജീപ്പിലോ ആയിരുന്നില്ല. കവാസാക്കി ബൈക്കുകളിലായിരുന്നു ഇവരുടെ യാത്ര. ദൗത്യ സംഘത്തിലെ ഓരോ തൊഴിലാളിയും സ്വയം പോരാളിയായി തന്നെ മാറുകയായിരുന്നു. കുടുംബത്തോടൊപ്പമുള്ള സമയവും ആഘോഷദിവസങ്ങളുമെല്ലാം അവർ കൊങ്കൺ പാതയ്‌ക്കായി ഉപേക്ഷിച്ചു. പദ്ധതിയുടെ അവസാന ഘട്ടത്തിൽ ഗോവയിൽ നിന്ന് വലിയ പ്രതിസന്ധി കൊങ്കൺ റെയിൽവേ ടീമിന് നേരിടേണ്ടി വന്നു. ഒടുവിൽ അതും പരിഹരിക്കപ്പെട്ടു. 4850 ഹെക്‌ടർ ഭൂമിയാണ് നഷ്‌ടപരിഹാരം നൽകി ഏറ്റെടുക്കേണ്ടി വന്നത്. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് അന്ന് 144 കോടി രൂപ നൽകേണ്ടി വന്നു.
മഹാദൗത്യത്തിനിടെ ജീവൻ പൊലിഞ്ഞവരും ഏറെയാണ്. രത്നഗിരിയിൽ നിർമ്മാണത്തിനിടെ 95 തൊഴിലാളികൾക്ക് ജീവൻ നഷ്‌ടമായി. ശ്രം ശക്തി എന്ന പേരിൽ ഇവർക്ക് സ്മാരകവും നിർമ്മിക്കപ്പെട്ടു. എല്ലാവർഷവും ഒക്‌ടോബർ 14ന് മുഴുവൻ കൊങ്കൺ റെയിൽവേ ഓഫീസുകളിലും മൗനം ആചരിക്കും. 1990 സെപ്‌തംബർ 15ന് തറക്കല്ലിട്ട പദ്ധതി 1998 ജനുവരി 26ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയി ഉദ്‌ഘാടനം നിർവഹിച്ചു.