ക്ഷേത്രത്തിൽ കവർച്ച; പ്രതികളെ ക്ഷേത്ര ഭാരവാഹികൾ പിടികൂടി

Sunday 08 December 2024 12:51 AM IST

കുഴിത്തുറ: പുത്തൻചന്ത ശ്രീ മുത്താരമ്മൻ ദേവീ ക്ഷേത്രത്തിൽ കവർച്ച നടത്തിയ രണ്ട് പേരെ ക്ഷേത്ര ഭാരവാഹികൾ പിടികൂടി പൊലീസിന് കൈമാറി. വന്നിയൂർ, തോവരച്ചാൻവിള സ്വദേശി മനോജ്‌ (25),നട്രാജ് (42)എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.

മനോജ്‌ വെള്ളിയാഴ്ച്ച ഉച്ചക്ക് ചെമ്മൺകാല സ്വദേശി ബൈജുവിന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി ക്ഷേത്ര പരിസരത്ത് ചുറ്റി തിരിഞ്ഞു. രാത്രി 10.30ഓടെ ക്ഷേത്ര മതിൽ ചാടിക്കടന്ന് ക്ഷേത്രത്തിലുള്ള സി.സി.ടിവിയെ കേടാക്കുകയും ചെയ്തു. തുടർന്ന് ക്ഷേത്ര നടയിലെ മൂന്ന് അടുക്ക് വിളക്കിന്റെ മേലെ സ്ഥാപിച്ചിട്ടുള്ള പഞ്ചലോഹത്തിന്റെ മകിടുകളും കാണിക്ക വഞ്ചി തകർത്ത് പണവും കവർന്നു. തുടർന്ന് ഇന്നലെ രാവിലെ പ്രതി മനോജ്‌ സഹായത്തിന് നട്രാജിനെ വിളിക്കുകയും ഇരുവരും ചേർന്ന് കന്നുമ്മാമൂട്ടിലെ കടയിൽ വിൽക്കാൻ ചെന്നപ്പോൾ സംശയം തോന്നിയ കടയുടമ ഇത് എടുത്തില്ല. രാവിലെ ക്ഷേത്ര ഭാരാവികൾ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് സി.സി.ടിവി ദൃശ്യം പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് യുവാക്കളുടെ സോഷ്യൽ മീഡിയ കൂട്ടായ്മയിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പ്രതിമനോജിനെയും സഹായി നടരാജിനെയും തോണ്ടിമുതലുമായി പിടികൂടി ക്ഷേത്രത്തിൽ എത്തിച്ച ശേഷം അരുമന പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ പ്രതികളെയും തോണ്ടിമുതലിനെയും അരുമന പൊലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതി മനോജ് 4 മാസങ്ങൾക്ക് മുമ്പാണ് ബൈക്ക് മോഷണ കേസിൽ കളിയിക്കാവിള പൊലീസ് പിടികൂടിയത്.