30 വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ ആൾ തട്ടിപ്പുകാരൻ; അറസ്റ്റ്

Sunday 08 December 2024 12:16 AM IST

ലക്‌നൗ: 30 വർഷത്തിനുശേഷം ഒത്തുചേർന്നപ്പോൾ നാടും വീടും ആഘോഷിച്ചു. ഒത്തുചേരലിന്റെ സന്തോഷത്തിനു പിന്നാലെ തെളിഞ്ഞത് വഞ്ചനയും തട്ടിപ്പും. ആറാം വയസിൽ തട്ടികൊണ്ടുപോയി 30 വർഷങ്ങൾക്ക് ശേഷം കുടുംബവുമായി ഒത്തുചേർന്നതോടെ മാദ്ധ്യമശ്രദ്ധ നേടിയ ഗാസിയാബാദിലെ ഭീം സിംഗ് എന്ന രാജു തട്ടിപ്പുകാരനെന്ന് പൊലീസ്. സമാനരീതിയിൽ വീടുകളിൽ കയറിക്കൂടി അവിടെ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. 1993ൽ ഏഴ് വയസ്സുള്ളപ്പോൾ ആരോ തട്ടിക്കൊണ്ടുപോയ കുട്ടിയാണ് താനെന്നും കുടുംബത്തെ കണ്ടെത്താൻ സഹായിക്കണമെന്നും പറഞ്ഞ് ഇയാൾ പൊലീസിനെ സമീപിച്ചു. തുടർന്ന് കഴിഞ്ഞയാഴ്ച ഗാസിയാബാദിലെ ഒരു കുടുംബത്തോടൊപ്പം പോയി. ഒത്തുചേരലിനെക്കുറിച്ച് അന്ന് മാദ്ധ്യമങ്ങളോട് വൈകാരികമായി പ്രതികരിക്കുകയും ചെയ്തു.

എന്നാൽ വൈകാതെ കുടുംബത്തിന് സംശയം തോന്നുകയും പൊലീസിനെ സമീപിക്കുകയും ചെയ്തു. ഡി.എൻ.എ പരിശോധന നടത്തി. കാണാതായ കുട്ടിയല്ല ഇയാളെന്ന് സ്ഥിരീകരിച്ചു. ഇതോടെ പൊലീസ് അറസ്റ്ര് ചെയ്തു.

രാജസ്ഥാൻ സ്വദേശിയായ ഇയാൾ 2005ൽ സമാനരീതിയിൽ കയറിപ്പറ്റിയ കുംടുംബത്തിലും ബന്ധുക്കളുടെ വീട്ടിലും മോഷണം നടത്തി. ഒൻപതോളം വീടുകളിൽ വിവിധ പേരുകളിൽ കഴിഞ്ഞും തട്ടിപ്പ് നടത്തി. 2021ൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു.