ക്ഷേത്രമെന്ന വാദം: യു.പിയിലെ അടാല മസ്‌ജിദ് ഹൈക്കോടതിയിൽ
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ജൗൻപൂരിലുള്ള അടാല മസ്ജിദ് അടാല ദേവി ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഇ-സ്വരാജ് വാഹിനി അസോസിയേഷൻ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച പ്രാദേശിക കോടതി തീരുമാനത്തിനെതിരെ പള്ളിക്കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമിപിച്ചു. ഈ വർഷം മേയിലെ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി.
1398ൽ നിർമ്മിച്ചത് മുതൽ പള്ളി തങ്ങളുടെ കൈവശമാണെന്ന് ഹർജിയിൽ പറയുന്നു. മറ്റൊരു മതത്തിനും അവകാശമുന്നയിക്കാനാകില്ല. ഹർജിക്കാർ സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണെന്നും ഈ തരത്തിലുള്ള നിയമനടപടികളിൽ ഏർപ്പെടാൻ കഴിയില്ലെന്നും പള്ളിക്കമ്മിറ്റി വാദിക്കുന്നു. 13-ാം നൂറ്റാണ്ടിൽ രാജാ വിജയ് ചന്ദ്ര പണികഴിപ്പിച്ച അടല ദേവി ക്ഷേത്രമാണെന്ന് വാദിച്ചാണ് സ്വരാജ് വാഹിനി അസോസിയേഷൻ മെയിൽ ജൗൻപൂർ സിവിൽ കോടതിയെ സമീപിച്ചത്. 14-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഫിറൂസ് ഷാ തുഗ്ലക്കിന്റെ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചത്. അഹിന്ദുക്കൾ പരിസരത്ത് പ്രവേശിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ജൂലായ് 25 ന് കോടതി നിയോഗിച്ച സംഘം സർവേ നടത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.