ഇനി കാളിദാസിന് കൂട്ടായി തരിണി, ഗുരുവായൂരമ്പല നടയിലെ വിവാഹത്തിന് സുരേഷ് ഗോപി ഉൾപ്പെടെ വിഐപികളുടെ വൻ നിര
സിനിമാ താരങ്ങളായ ജയറാമിന്റേയും പാർവതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരിൽ നടന്ന വിവാഹത്തിൽ ദീർഘകാല സുഹൃത്തായിരുന്ന മോഡൽ തരിണി കലിംഗരായരുടെ കഴുത്തിൽ കാളിദാസ് താലിചാർത്തി. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു താലികെട്ട്. മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകൻ ഗോകുൽ സുരേഷ് തുടങ്ങി നിരവധി വിഐപികൾ വിവാഹത്തിനെത്തിയിരുന്നു.
ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന മുണ്ടും മേൽമുണ്ടുമായിരുന്നു കാളിദാസിന്റെ വേഷം. പഞ്ചകച്ചം സ്റ്റൈലിലായിരുന്നു മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണി ധരിച്ചിരുന്നത്. സാരിയിൽ നിറയെ ഗോൾഡൻ വർക്കുകൾ ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ച ചെന്നൈയിൽ ഇരുവരും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ നടത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഇതിൽ പങ്കെടുത്തത്. കഴിഞ്ഞ നവംബറിൽ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം. 2022ൽ കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് തരിണിയും പങ്കെടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാകുന്നത്. നീലഗിരി സ്വദേശിയായ തരിണി 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് കിരീടങ്ങൾ ചൂടിയിരുന്നു. 2022ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ തരിണിയും പങ്കെടുത്തിരുന്നു.
കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂർ കഴിഞ്ഞ മേയിലായിരുന്നു നടന്നത്. ജയറാമിന്റേയും പാർവതിയുടേയും വിവാഹം നടന്നതും ഗുരുവായൂരിൽ വച്ചായിരുന്നു.
പ്രീ വെഡ്ഡിംഗ് ആഘോഷത്തിൽ കാളിദാസും തരിണിയും ഉൾപ്പെടെയുള്ളവർ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിഭവങ്ങളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയും ആഘോഷങ്ങളിൽ ഉണ്ടായിരുന്നില്ല. വെജിറ്റേറിയൻ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് തരിണി. പക്ഷേ, മെനുവിൽ വേർതിരിവില്ലാതെ എല്ലാത്തരം ഭക്ഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
കോയമ്പത്തൂരിലെ പ്രശസ്‌ത മദമ്പാട്ടി നാഗരാജ് ആൻഡ് കോ ആണ് സ്വീറ്റ്, സ്റ്റാട്ടർ, മെയിൻ കോഴ്‌സ് എന്നിവ ചേർന്ന ഗംഭീര വിരുന്ന് ഒരുക്കിയത്. ഇളനീർ പിസ്‌ത ഹൽവ, മലായ് പനീർ ടിക്ക, ഗുണ്ടൂർ ബേബികോൺ ചില്ലി, രാമശേരി ഇഡ്ലിയും പൊടിയും, സാഫ്രൺ ബട്ടൺ ബറോട്ട എന്നിങ്ങനെ നീളുന്നതായിരുന്നു മെനു.
സ്വർണ നിറമുള്ള തളികയിൽ വാഴയില വട്ടത്തിൽ മുറിച്ചിട്ട് അതിന്റെ മുകളിലാണ് വിഭവങ്ങൾ ഓരോന്നായി നിരന്നത്. ജയറാം കുടുംബത്തിലെ എല്ലാപേരും വിഭവങ്ങൾ ആസ്വദിച്ചു കഴിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കായി സ്‌പെഷൽ കൗണ്ടറുകൾ തുറന്നിരുന്നു. ബുഫെ രീതിയിലാണ് ഭക്ഷണം വിളമ്പിയത്. സ്ഥിരം കാണാറുള്ള മെനുവിന് പുറമേ, വ്യത്യസ്‌തത നിറഞ്ഞ പലതരം വിഭവങ്ങൾ ഒരുക്കിയിരുന്നു.