പുതിയ മോഡലില്‍ വന്ദേഭാരത് വരുന്നു; പക്ഷേ ഓടുന്നത് യാത്രക്കാര്‍ക്ക് വേണ്ടിയാകില്ല

Sunday 08 December 2024 7:41 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ മോഡല്‍ വന്ദേഭാരത് ട്രെയിനുകള്‍ വരുന്നു. യാത്രക്കാര്‍ക്ക് വേണ്ടിയാകില്ല പക്ഷേ ഈ ട്രെയിനുകള്‍ ഓടുന്നത്. രാജ്യത്തെ ഇ-കൊമേഴ്‌സ് രംഗത്ത് കൂടുതല്‍ വേഗത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ പാഴ്‌സല്‍ സര്‍വീസ് നടത്തുന്നതിനാകും പുതിയ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസുകള്‍ ഉപയോഗിക്കുക. വളരെ വേഗത്തില്‍ ചരക്ക് നീക്കം സാദ്ധ്യമാക്കുകയെന്നതാണ് ഈ സര്‍വീസിലൂടെ ലക്ഷ്യമിടുന്നത്.

16 കോച്ചുകളാണ് പുതിയ മോഡലില്‍ ഉണ്ടാകുക. ഇതിന്റെ നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റെയില്‍വേ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ-കൊമേഴ്‌സ് വിഭാഗത്തിലെ വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍ പോലുള്ള ചെറിയ സാധനങ്ങളുടെ ചരക്ക് നീക്കത്തിനാണ് ട്രെയിന്‍ ഉപയോഗിക്കുക. ഇ-കൊമേഴ്‌സ് രംഗത്ത് വളരെ പെട്ടെന്ന് സാധനം കൈയില്‍ കിട്ടുന്നതിനുള്ള ആവശ്യം കൂടുതല്‍ പേര്‍ ഉന്നയിക്കുന്നത് കൂടി പരിഗണിച്ചാണ് റെയില്‍വേയുടെ നീക്കം.

കാര്‍ഗോ വാഹനമായി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക കോച്ചുകളാണ് നിര്‍മിക്കുന്നത്. നിലവില്‍ യാത്രക്കാര്‍ക്കായി ഓടിക്കുന്ന വന്ദേഭാരതിനെക്കാള്‍ ഭാരം കുറഞ്ഞ കോച്ചുകളാകും പാഴ്‌സല്‍ സര്‍വീസിനായി നിര്‍മിക്കുക. വളരെ എളുപ്പത്തില്‍ ലോഡിംഗ് അണ്‍ലോഡിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് അനുയോജ്യമായ രീതിയിലാകും നിര്‍മാണമെന്നും ഇതിലൂടെ സമയം കൂടുതല്‍ ലാഭിക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറയുന്നു.

രാജ്യത്തെ അതിവേഗ പാതകളുള്ള റൂട്ടുകളായ ഡല്‍ഹി- മുംബയ്, ഡല്‍ഹി - ചെന്നൈ പോലുള്ള റൂട്ടുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. ഡല്‍ഹി മുതല്‍ മുംബയ് വരെയുള്ള ദൂരം വെറും പത്ത് മണിക്കൂര്‍ കൊണ്ടും ചെന്നൈ - ഡല്‍ഹി ദൂരം 24 മണിക്കൂറുകള്‍ കൊണ്ടും ഓടിയെത്താന്‍ കഴിയും. യാത്രക്കാര്‍ക്കുള്ള വന്ദേഭാരത് ട്രെയിനുകള്‍ 800 കിലോമീറ്ററില്‍ താഴെ ദൂരപരിധിയില്‍ന മാത്രമാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ പാഴ്‌സല്‍ ട്രെയിനുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല.