സിറിയ പിടിച്ച് വിമതർ: ബാഷർ രാജ്യം വിട്ടു,​ വിമതരെ പിന്തുണച്ച് പ്രധാനമന്ത്രി

Monday 09 December 2024 1:54 AM IST

ഡെമാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ അട്ടിമറിച്ച് വിമതസേന ഭരണം പിടിച്ചു. അസദ് റഷ്യയിലേക്ക് പലായനം ചെയ്‌തെന്നും, വിമാനം തകർന്ന് കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. അസദ് കുടുംബത്തിന്റെ 53 വർഷം നീണ്ട ഉരുക്ക് മുഷ്ടിയുള്ള വാഴ്‌ചയ്‌ക്കും ബാത്ത് പാർട്ടിയുടെ ഏകാധിപത്യ ഭരണത്തിനുമാണ് അന്ത്യമായത്. ഇടക്കാല ഗവൺമെന്റിന് അധികാരം കൈമാറുമെന്ന് വിമതർ അറിയിച്ചു. വിമതരോട് സഹകരിക്കുന്ന പ്രധാനമന്ത്രി മുഹമ്മദ് ഘാസി അൽ ജലാലി തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് വിമത കമാൻഡർ അബു മുഹമ്മദ് അൽ ഗൊലാനിയുമായി ബന്ധപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനമായ ഡെമാസ്‌കസ് വിമതർ പിടിച്ചു. കുപ്രസിദ്ധമായ സെദ്നായ ജയിലിലെ നൂറുകണക്കിന് വിമത തടവുകാരെ മോചിപ്പിച്ചു.

13 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിൽ മൂന്നര ലക്ഷം പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകൾ തെരുവിലാവുകയും ചെയ്‌തു. ബാഷറിന്റെ സൈന്യത്തിന്റെ ചെറുത്തുനിൽപ്പില്ലാതെയാണ് വിമതർ ഡെമാസ്‌കസിൽ കടന്നത്. ആയിരക്കണക്കിന് ജനങ്ങൾ നഗരകവാ‌‌‌ടത്തിൽ സ്വാതന്ത്ര്യ മുദ്രാവാക്യം മുഴക്കി. ബാഷറിന്റെ പിതാവും മുൻ പ്രസിഡന്റുമായ ഹാഫിസിന്റെ പ്രതിമ തകർത്തു. ബാഷറിന്റെ കൊട്ടാരം കൈയേറി കൊള്ളയടിച്ചു. സിറിയൻ സെൻട്രൽ ബാങ്കും കൊള്ളയടിച്ചു.

ബാഷറിന് പിന്തുണ നൽകിയിരുന്ന റഷ്യയ്ക്കും ഇറാനും വിമതരുടെ മുന്നേറ്റം പ്രഹരമായി. യുക്രെയിൻ യുദ്ധം കാരണം റഷ്യയും ഇസ്രയേലിനെതിരെ പോരാടുന്നതിനാൽ ഇറാനും സിറിയയിൽ ശ്രദ്ധ കുറച്ചിരുന്നു. വിമതർക്കെതിരെ ഓപ്പറേഷൻ തുടരുകയാണെന്ന് സിറിയൻ സൈന്യം അവകാശപ്പെട്ടു.

അതേസമയം കലാപം രൂക്ഷമായതിനെ തുടർന്ന് 10 ദിവസത്തെ കേരള സന്ദർശനം വെട്ടിച്ചുരുക്കി ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ നാളെ മടങ്ങും. ഡെമാസ്‌കസിലാണ് ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ആസ്ഥാനം.

ബാഷറിന്റെ വിമാനം തകർന്നു?

വിമതർ ഡെമാസ്‌കസ് പിടിക്കുമെന്ന് വന്നതോടെ ശനിയാഴ്ച രാത്രിയിൽ തന്നെ ബാഷർ അജ്‌ഞാത കേന്ദ്രത്തിലേക്ക് പോയെന്നാണ് റിപ്പോർട്ട്. ഡെമാസ്‌കസ് വിമാനത്താവളത്തിൽ നിന്ന് ഇല്യൂഷിൻ 276 ടി വിമാനം ടേക്കോഫ് ചെയ്‌തതായി ഫ്ലൈറ്റ് റഡാർ 24.കോം വെബ്സൈറ്റ് വ്യക്തമാക്കുന്നു. ആദ്യം പോയത് അസദുൾപ്പെടുന്ന അലാവിറ്റ് മുസ്ലീം വിഭാഗത്തിന്റെ ശക്തിദു‌ർഗ്ഗമായ സിറിയൻ തീരദേശ മേഖലയിലേക്കാണ്. പൊടുന്നനെ വെട്ടിത്തിരിഞ്ഞ വിമാനം എതിർദിശയിൽ ഏതാനും മിനിറ്റ് പറന്നശേഷം ഹോംസ് നഗരത്തിന് സമീപം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. വിമാനം തകർന്ന് അൽ ബാഷർ കൊല്ലപ്പെട്ടിരിക്കാമെന്നും വിമതർ വെടിവച്ചിട്ടതാവാമെന്നും റിപ്പോർട്ടുണ്ട്. ബാഷർ ഭാര്യ അസ്മയെയും മക്കളെയും നേരത്തേ തന്നെ റഷ്യയിലേക്ക് കടത്തിയെന്നാണ് വിവരം.

ഹയാത്ത് തഹ്‌രിർ അൽ-ഷാം

 സിറിയയിലെ ശക്തമായ വിമത സായുധ സംഘടന

 അബു മുഹമ്മദ് അൽ ഗൊലാനിയാണ് കമാൻഡർ

 അൽക്വ ഇദയുടെ സഖ്യകക്ഷി. അന്ന് നുസ്റ ഫ്രണ്ട് എന്ന് അറിയപ്പെട്ടു

 2016ൽ അൽ ക്വ ഇദയുമായുള്ള ബന്ധം അവസാനിപ്പിച്ചു

അരനൂറ്റാണ്ടത്തെ ഭരണം

 1971ൽ ബാഷറിന്റെ പിതാവ് ഹാഫിസ് അൽ അസദ് പട്ടാള അട്ടിമറിയിലൂടെ അധികാരത്തിൽ

 എതിരാളികളെ അടിച്ചമർത്തി. കൂട്ടക്കൊല നടത്തി. ആയിരങ്ങളെ ജയിലുകളിലടച്ചു

 2000ൽ ഹാഫിസിന്റെ മരണം. നേത്രരോഗ ഡോക്ടറായ ബാഷർ 34ാം വയസിൽ പ്രസിഡന്റായി