വീണ്ടും ഡിജിറ്റൽ അറസ്റ്റ് ; കൊച്ചിയിൽ ​ 85കാരനിൽ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തു

Sunday 08 December 2024 10:51 PM IST

കൊച്ചി : കൊച്ചിയിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 85കാരനിൽ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തു. ജെറ്റ് എയർവേയ്‌സിന്റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. നവംബർ മാസത്തിലാണ് സംഭവം.

ജെറ്റ് എയർവേയ്‌സ് മാനേജ്‌മെന്റുമായി നടത്തിയ തട്ടിപ്പിൽ അറസ്റ്റ് രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞാണ് നവംബർ 22ന് 85കാരനെ ഫോണിൽ തട്ടിപ്പുകാർ ബന്ധപ്പെട്ടത്. ഇതിൽ നിന്ന് ഒഴിവാക്കുന്നതിനായി ആദ്യം 5000 രൂപ അയച്ചു തരാൻ ആവശ്യപ്പെട്ടു. പിന്നീട് 27ന് വീണ്ടും വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. 28ന് 16 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇപ്രകാരം 18 ലക്ഷം രൂപയോളമാണ് തട്ടിയെടുത്തത്.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് താൻ തട്ടിപ്പിനിരയായെന്ന് 85കാരൻ അറിയുന്നത്. തുടർന്ന് സൈബർ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.