ഉദ്ഘാടനത്തിന് ഒരുങ്ങിയ കോൺ.ഓഫീസിന് തീയിട്ടു
കണ്ണൂർ: ഇന്നലെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ ഉദ്ഘാടനം ചെയ്യാനിരുന്ന കോഴൂർ കനാൽ കരയിലെ പ്രിയദർശിനി മന്ദിരത്തിന് നേരെ ആക്രമണം. ഇന്നലെ പുലർച്ചെയോടെ കുപ്പിയിൽ കൊണ്ടുവന്ന പെട്രാേൾ കത്തിച്ച് കെട്ടിടത്തിലേക്ക് എറിയുകയായിരുന്നു.
ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി പ്രവർത്തകർ മടങ്ങിയശേഷമാണ് അക്രമം നടന്നത്. പ്രിയദർശിനി മന്ദിരത്തിനും സി.വി കുഞ്ഞിക്കണ്ണൻ സ്മാരക റീഡിംഗ് റൂമിനും കേടുപാടുകൾ സംഭവിച്ചു.വാതിൽ ഉൾപ്പെടെ ഭാഗികമായി അഗ്നിക്ക് ഇരയായി. കേടുപാടുകൾ പരിഹരിച്ച് ഇന്നലെ വൈകുന്നേരം ഉദ്ഘാടനം നടത്തി.
അക്രമം കാട്ടിയത് സി.പി.എം പ്രവർത്തകരാണെന്ന് ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.ആരെയും പ്രതിയാക്കിയിട്ടില്ല.
തങ്ങൾക്കും വേണമെങ്കിൽ പാർട്ടി ഓഫീസുകൾ പൊളിക്കാൻ കഴിയുമെന്ന് കെ. സുധാകരൻ വെല്ലുവിളിച്ചു. സി.പി.എമ്മിന്റെ ഓഫീസ് ഒരുരാത്രി കൊണ്ട് പൊളിക്കാൻ കോൺഗ്രസിന്റെ പത്ത് പിള്ളേരുമതിയെന്നും കെ. സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.