ചിറയിൻകീഴിൽ ലഹരി മരുന്ന് വേട്ട, വിദ്യാർത്ഥി അടക്കം മൂന്ന്‌ പേർ പിടിയിൽ

Monday 09 December 2024 12:03 AM IST

ചിറയിൻകീഴ്: മുടപുരം എൻ.ഇ.എസ് ബ്ലോക്കിൽ തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ്‌ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി ഒരു വിദ്യാർത്ഥി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. 127 ഗ്രാം എ. ഡി.എം.എ ഇവരിൽ നിന്നും പിടിച്ചെടുത്തു. ചിറയിൻകീഴ്‌ ശാർക്കര പുതുക്കരി ദൈവ കൃപയിൽ അഗാറസ് (28), മുടപുരം ഡീസന്റ്മുക്ക് ചരുവിള വീട്ടിൽ റയീസ് (18), പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി എന്നിവരാണ് പിടിയിലായത്. ബംഗളൂരിൽ നിന്നും എത്തിക്കുന്ന ലഹരി വസ്തുക്കൾ വിദ്യാർത്ഥികളെ ഉൾപ്പെടെ ഉപയോഗിച്ച് വില്പന നടത്തുന്നതായി തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു.

ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്. മഞ്ജുലാൽ, നാർക്കോട്ടിക്‌ ഡിവൈ.എസ്.പി കെ. പ്രദീപ്, ചിറയിൻകീഴ്‌ എസ്.എച്ച്.ഒ വി.എസ്. വിനീഷ്, എസ്.ഐ ആർ. മനു, എ.ഷജീർ, എസ്.സി.പി.ഒ ഹാഷിം, വിഷ്ണു എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.