മറ്റൊരു ബന്ധമുണ്ടെന്ന് അജാസിന് സംശയം, ശംഖുമുഖത്ത് കാറില്‍ കൊണ്ടുപോയി ഇന്ദുജയെ മര്‍ദ്ദിച്ചു

Sunday 08 December 2024 11:26 PM IST

പാലോട്: സുഹൃത്തായ അജാസിന്റെ കോള്‍ ആണ് ഇന്ദുജയുടെ ഫോണില്‍ അവസാനമായി വന്നത്. ഇതിന് പിന്നാലെ താന്‍ മരിക്കുന്നുവെന്ന് പറഞ്ഞാണ് 25കാരി ജീവനൊടുക്കിയത്. സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്ത് ദേവന്‍ (25), ഇരുവരുടേയും സുഹൃത്തായ പെരിങ്ങമ്മല സ്വദേശി അജാസ് (26) എന്നിവരെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാലോട് ഇടിഞ്ഞാര്‍ കൊന്നമൂട് കിഴക്കുംകര വീട്ടില്‍ ശശിധരന്‍കാണി-ഷീജ ദമ്പതികളുടെ മകള്‍ ഇന്ദുജയെ (25) വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂവരും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്.

ജീവനൊടുക്കിയതിനും രണ്ടുനാള്‍ മുമ്പ് അജാസ് ഇന്ദുജയെ മര്‍ദ്ദിച്ചെന്നാണ് അഭിജിത്തിന്റെ മൊഴി. അജാസിന്റേയും അഭിജിത്തിന്റേയും ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി അയച്ചു. വാട്‌സാപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതിന് ശേഷമാണ് ഇരുവരും ഫോണ്‍ ഹാജരാക്കിയത്. ഇന്ദുജയെ ഒഴിവാക്കാന്‍ അഭിജിത്ത് ശ്രമിച്ചിരുന്നതായി ചോദ്യംചെയ്യലില്‍ പൊലീസിന് മനസിലായി. ഇന്ദുജയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. കാട്ടാക്കട ഡിവൈ.എസ്.പി ഷിബു, പാലോട് സി.ഐ അനീഷ് കുമാര്‍, എസ്.ഐ റഹിം എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.

അഭിജിത്തിനെതിരെ ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പിക്കല്‍, ഗാര്‍ഹികപീഠനം എന്നീ വകുപ്പുകളും അജാസിനെതിരെ പട്ടികജാതി പീഡനം, മര്‍ദ്ദനം, ആത്മഹത്യ പ്രേരണ വകുപ്പുകളും ചുമത്തി. അജാസും ഇന്ദുജയും അടുപ്പത്തിലായിരുന്നു. അജാസിന് ഇന്ദുജയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും അന്യമതക്കാരനായതിനാല്‍ ബന്ധുക്കള്‍ എതിര്‍ത്തു. മൂന്നു മാസം മുമ്പ് പുല്ലമ്പാറയിലെ ക്ഷേത്രത്തിലാണ് അഭിജിത്ത് ഇന്ദുജയ്ക്ക് താലിചാര്‍ത്തിയത്. വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല. സ്വകാര്യ ലാബ് ജീവനക്കാരിയാണ് ഇന്ദുജ.

അഭിജിത്തിനെ വിവാഹം കഴിച്ചശേഷവും ഇന്ദുജയുമായി അജാസ് സൗഹൃദം തുടര്‍ന്നിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ മറ്റൊരു ബന്ധം ഇന്ദുജയ്ക്കുണ്ടെന്ന് അജാസിന് സംശയമായി. ഇന്ദുജ മരിച്ചതിനും രണ്ടു നാള്‍ മുമ്പ് അജാസ് കാറില്‍ ശംഖുംമുഖത്ത് കൊണ്ടുപോയി ഇക്കാര്യം ചോദിച്ചു. വാക്കുതര്‍ക്കത്തിനിടെ ഇന്ദുജയെ മര്‍ദ്ദിക്കുകയും ചെയ്തു. ഇന്ദുജയെ ഒഴിവാക്കാന്‍ അജാസ് അഭിജിത്തിനെ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഇന്ദുജയുമായി അഭിജിത്ത് വഴക്കിട്ടു. മര്‍ദ്ദിക്കുകയും ചെയ്തു.