'ഇന്ത്യ' സഖ്യം മമത നയിക്കണം: പിന്തുണച്ച് ശരദ് പവാറും
ന്യൂഡൽഹി : 'ഇന്ത്യ' സഖ്യം തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി നയിക്കണമെന്ന ഒരു വിഭാഗത്തിന്റെ വികാരത്തിനൊപ്പം എൻ.സി.പി ശരദ് വിഭാഗം നേതാവ് ശരദ് പവാറും. പ്രതിപക്ഷ സഖ്യത്തിൽ വിള്ളലെന്ന റിപ്പോർട്ടുകൾക്കിടെയാണ് ശരദ് പവാർ മമതയെ പരസ്യമായി പിന്തുണച്ചത്. മമത കാര്യപ്രാപ്‌തിയുള്ള നേതാവാണ്. സഖ്യത്തെ നയിക്കാമെന്ന് പറയാൻ അവർക്ക് എല്ലാ അവകാശവുമുണ്ടെന്നും പവാർ പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പ്രതിപക്ഷ സഖ്യത്തെ നയിക്കാനും തനിക്കു കഴിയുമെന്ന് മമത നേരത്തെ പ്രതികരിച്ചിരുന്നു.
ഹരിയാനയിലും, മഹാരാഷ്ട്രയിലും 'ഇന്ത്യ' സഖ്യത്തിന് വൻ തിരിച്ചടിയേറ്റ സാഹചര്യത്തിൽ നേതൃമാറ്റമെന്ന ചർച്ചകൾക്ക് ചൂടുപിടിച്ചിരുന്നു. ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിനും, സമാജ്‌വാദി പാർട്ടിയും മമത നേതൃതലത്തിലേക്ക് വരുന്നതിനെ അനുകൂലിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ് അനുകൂലമല്ല. അതേസമയം, ചർച്ചയിലൂടെ സമവായത്തിലേത്തേണ്ട വിഷയമാണെന്ന് ആർ.ജെ.ഡി നേതാവും ബീഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് പ്രതികരിച്ചത് ശ്രദ്ധേയമാണ്. ലാലു പ്രസാദ് യാദവിനെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന താത്പര്യമാണ് ആർ.ജെ.ഡിക്കുള്ളതെന്നാണ് സൂചന.