ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വൻ മോഷണം, 12 ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായി

Monday 09 December 2024 10:49 AM IST

മുംബയ്: മഹാരാഷ്ട്രയിൽ മഹായുതി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം. കള്ളന്മാർ കൊണ്ടുപോയത് സ്വർണമാലകൾ, പഴ്‌സുകൾ, മൊബൈൽ ഫോണുകൾ ഉൾപ്പെടെ 12 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ. ഡിസംബർ അ‌ഞ്ചിനാണ് ദക്ഷിണ മുംബയിലെ ആസാദ് മൈതാനത്തിൽ സത്യപ്രതി‌ജ്ഞാ ചടങ്ങ് നടന്നത്.

മഹാരാഷ്‌ട്രയിൽ 18ാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ ചടങ്ങിലാണ് വൻ മോഷണം നടന്നത്. ശിവസേനാ നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റ് രാഷ്ട്രീയ, വ്യാവസായിക പ്രമുഖർ ഉൾപ്പെടെ 40,000ത്തോളം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. 4000ൽ അധികം പൊലീസുകാരെയും പ്രദേശത്ത് വിന്യസിച്ചിരുന്നു.

ചടങ്ങിനുശേഷം വേദിയിലെ രണ്ടാം നമ്പർ ഗേറ്റിലൂടെ ജനങ്ങൾ പുറത്തേയ്ക്ക് കടക്കുന്നതിനിടെയാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മോഷ്‌ടാക്കളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി. ഇതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

നവംബർ 20ന് നടന്ന തിരഞ്ഞെടുപ്പിൽ 288 അംഗ മഹാരാഷ്‌ട്ര നിയമസഭയിൽ 230 സീറ്റു നേടിയ മഹായുതി ഭരണമുറപ്പിച്ചെങ്കിലും മുഖ്യമന്ത്രി പദത്തിലെ തർക്കം നീണ്ടതോടെ സത്യപ്രതിജ്ഞയും വൈകുകയായിരുന്നു. മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നതിലെ നിരാശയിലായിരുന്ന ഷിൻഡെ അവസാന നിമിഷമാണ് സസ്‌പെൻസ് അവസാനിപ്പിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന് അറിയിച്ചത്.