സോഡ നാരങ്ങ കഴിക്കുന്നയാളാണോ നിങ്ങൾ?, എങ്കിൽ ഈ അപകടങ്ങൾ കൂടി തിരിച്ചറിയുക
വിശക്കുമ്പോൾ ഒരു സോഡ നാരങ്ങ കഴിക്കുന്ന ശീലം മലയാളികളിൽ പലർക്കുമുണ്ട്. ജോലിത്തിരക്കുകൾക്കിടയിൽ എളുപ്പത്തിൽ വിശപ്പ് ശമിപ്പിക്കാം എന്നതാണ് കാരണം. എന്നാൽ ദഹനേന്ദ്രിയത്തിന് ഉൾപ്പെടെ പലതരം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു ഈ ശീലം. വിശപ്പുള്ളപ്പോൾ മതിയായ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. സോഡാ നാരങ്ങ വിശപ്പിനെ കെടുത്തും. മാത്രമല്ല കാലക്രമത്തിൽ പോഷകങ്ങളുടെ അപര്യാപ്തത ഉൾപ്പെടെ ശരീരത്തിന് പലതരം ഭീഷണിയുണ്ടാകും. സോഡയിലെ ചില ചേരുവകളാണ് വിശപ്പ് ഇല്ലാതാക്കുന്നത്.
ശരീരഭാരം കുറയ്ക്കാൻ ആഹാരം ഒഴിവാക്കി പകരം സോഡനാരങ്ങാ കഴിക്കുന്ന വിരുതന്മാരുമുണ്ട്. ഇത് വിപരീതഫലമാണ് ഉണ്ടാക്കുന്നതെന്ന് അറിയാമോ. ശരീരഭാരം കൂട്ടുന്നതിൽ സോഡ പങ്കു വഹിക്കുന്നുണ്ട്. സോഡാനാരങ്ങാ സ്ഥിരമായി കഴിക്കുന്നവരിൽ പ്രമേഹത്തിനുള്ള സാദ്ധ്യതയും വർദ്ധിക്കുന്നു. അസ്ഥിയുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നു ഈ പാനീയം. സോഡാനാരങ്ങാ ശീലമാക്കുന്നവരുടെ വൃക്ക, കരൾ എന്നിവയ്ക്കും ഭീഷണിയുണ്ടെന്ന കാര്യം മറക്കരുത്.