സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ബുധനാഴ്ച സ്ഥാനമേറ്റെടുക്കും

Monday 09 December 2024 6:30 PM IST

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26ാമത് ഗവര്‍ണറായി സഞ്ജയ് മല്‍ഹേത്രയെ നിയമിച്ചു. കേന്ദ്ര റവന്യൂ സെക്രട്ടറിയായ അദ്ദേഹം ബുധനാഴ്ച സ്ഥാനം ഏറ്റെടുക്കും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി നാളെ (ചൊവ്വാഴ്ച) അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം.

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) 1990 ബാച്ചിലെ രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് സഞ്ജയ് മല്‍ഹോത്ര. ഐ.ഐ.ടി. കാണ്‍പുരില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ സഞ്ജയ് മല്‍ഹോത്ര യു.എസിലെ പ്രൈസ്ടണ്‍ സര്‍വകലാശാലയില്‍നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദാനന്തരബിരുദം നേടി.റവന്യൂ സെക്രട്ടറിയായി നിയമിതനാകുന്നതിന് മുമ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പില്‍ സെക്രട്ടറിയായിരുന്നു.

2018 ഡിസംബര്‍ മുതല്‍ ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണര്‍ പദം അലങ്കരിക്കുകയായിരുന്നു. കേന്ദസര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരില്‍ അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ശക്തികാന്ത ദാസിന്റെ നിയമനം.