'എനിക്ക് കെട്ടിപ്പിടിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല'; ചിത്രങ്ങളുമായി അനുമോൾ
വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ തന്റെതായ ഒരിടം കണ്ടെത്തിയ നടിയാണ് അനുമോൾ. മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധയേയാണ് നടി. മലയാളി ആണെങ്കിലും തമിഴിലൂടെയായിരുന്നു അനുമോളുടെ അരങ്ങേറ്റം. 'കണ്ണുക്കുള്ളെ' എന്ന തമിഴ് ചിത്രമാണ് നടിയുടെ ആദ്യ ചിത്രം. പിന്നീട് പി ബാലചന്ദ്രന്റെ 'ഇവൻ മേഘരൂപൻ' എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്.
ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പശ്ചിമബംഗാളിലെ പ്രശസ്തമായ ഗോരുമാര ദേശീയ ഉദ്യാനത്തിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഉദ്യാനത്തിലെ പഴയ മരച്ചുവട്ടിൽ നിൽക്കുന്ന അനുമോളെ ചിത്രങ്ങളിൽ കാണാം.
'ഗോരുമാര ദേശീയ ഉദ്യാനത്തിൽ സന്ദർശന ദിവസത്തിലേക്ക് ഒരു തിരിച്ചുപോക്ക്, അവിടത്തെ മരങ്ങൾ വളരെ വലുതും നിരവധി കഥകൾ നിറഞ്ഞതുമായിരുന്നു. എനിക്ക് അതിനെ കെട്ടിപ്പിടിക്കാതിരിക്കാനായില്ല',- അനുമോൾ കുറിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ വെെറലാണ്.
ഹിമാലയൻ മലയുടെ താഴ്വരത്തിലെ ഡൂയേഴ്സ് മേഖലയിൽ ജൽപായ്ഗുരി ജില്ലയിലാണ് ഗോരുമാര ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്. പുൽപ്രദേശങ്ങളും വനപ്രദേശങ്ങളും നിറഞ്ഞതാണിത്. 2009ൽ പരിസ്ഥിതി വനം വകുപ്പ് ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങളിൽ ഏറ്റവും നല്ല ദേശീയോദ്യാനമായി പ്രഖ്യാപിച്ച ഇടമാണ്. ആനകൾ, കാണ്ടാമൃഗങ്ങൾ, വിവിധയിനം പക്ഷികൾ തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കാണപ്പെടുന്നത്. നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഗോരുമാര സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ജൂൺ16 മുതൽ സെപ്തംബർ 15 വരെയുള്ള മൺസൂൺ സീസണിൽ പാർക്ക് അടച്ചിരിക്കും.