ഇറാൻ കപ്പൽ പിടിച്ചെടുക്കാനുള്ള യു.എസ് കോടതിയുടെ ഉത്തരവ് ജിബ്രാൾട്ടർ ഭരണകൂടം തള്ളി

Monday 19 August 2019 1:59 AM IST

ലണ്ടൻ ∙ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുക്കാനുള്ള യു.എസ് കോടതിയുടെ ഉത്തരവ് ജിബ്രാൾട്ടർ ഭരണകൂടം തള്ളി. കപ്പൽ മോചിപ്പിക്കാൻ ജിബ്രാൾട്ടർ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. യു.എസ് ഉപരോധം യുറോപ്യൻ യൂണിയനു ബാധകമല്ലെന്നു ജിബ്രാൾട്ടർ അറിയിച്ചു. ജിബ്രാൾട്ടർ കോടതിയുടെ മോചന വ്യവസ്ഥ പ്രകാരം കപ്പലിന്റെ പേര് ‘ഗ്രേസ് വൺ എന്നത് ‘ആഡ്രിയൻ ഡാരിയ’ എന്ന് മാറ്റി. കപ്പലിൽ സ്ഥാപിച്ചിരുന്ന പാനമയുടെ പതാക താഴ്ത്തി പകരം ഇറാന്റെ പതാക ഉയർത്തി. കപ്പൽ തിങ്കളാഴ്ച പുലർച്ചയോടെ ജിബ്രാൾട്ടർ തീരംവിടും.

സിറിയയിലേക്ക് ക്രൂഡ് ഒായില്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ജൂലായ് നാലിനു ബ്രിട്ടിഷ് സൈന്യം പിടിച്ചെടുത്ത കപ്പൽ ഓഗസ്റ്റ് 15നാണ് ജിബ്രാൾട്ടർ സുപ്രീം കോടതി വിട്ടയച്ചത്. മൂന്നു മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്; ആകെ ജീവനക്കാർ 24. കപ്പൽ വിട്ടുകൊടുക്കുന്നതു തടയാൻ യുഎസ് നേരത്തെ ശ്രമം തുടങ്ങിയിരുന്നു. നാവികർക്ക് വീസ നിഷേധിക്കുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കി.