ഗോൾഡൻ ഗ്ലോബ് : ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന് രണ്ട് നോമിനേഷൻ
ലോസ് ആഞ്ചലസ് : പായൽ കപാഡിയ സംവിധാനം ചെയ്ത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയും നായികമാരായെത്തിയ ' ഓൾ വീ ഇമാജിൻ ആസ് ലൈറ്റി'ന് രണ്ട് ഗോൾഡൻ ഗ്ലോബ് നോമിനേഷനുകൾ. സിനിമാ മേഖലയിലെ ഈ വർഷത്തെ മികച്ച സംഭാവനകൾക്കായുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന്റെ നോമിനേഷനുകൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്.
മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം, മികച്ച സംവിധാനം (മോഷൻ പിക്ചർ) എന്നിവയ്ക്കാണ് നോമിനേഷൻ. സംവിധാന വിഭാഗത്തിൽ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് മുംബയ് സ്വദേശിയായ പായൽ. ജനുവരി 6ന് ഇന്ത്യൻ സമയം രാവിലെ 6.30 മുതൽ വിജയികളെ പ്രഖ്യാപിക്കും.
മുംബയിൽ ജോലിക്കെത്തുന്ന മലയാളി നഴ്സുമാർ അവരുടെ സ്വകാര്യ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും മാറ്റങ്ങളും അവതരിപ്പിച്ച ഹിന്ദി മലയാളം ഭാഷകളിലുള്ള ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രം മേയിൽ കാൻ ഫിലിം ഫെസ്റ്റിവലിൽ രണ്ടാമത്തെ വലിയ ബഹുമതിയായ ഗ്രാൻ പ്രീ സ്വന്തമാക്കിയിരുന്നു.