വാടകമുറി ചോദിച്ചെത്തി, വയോധികന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രണ്ടരപ്പവൻ മാല കവർന്നു

Tuesday 10 December 2024 1:46 PM IST

ആലപ്പുഴ: വയോധികന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്വർണമാല കവർന്നു. ആലപ്പുഴ മാന്നാർ കുട്ടംപേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് സമീപം സദൻ ഹെയർ സ്റ്റൈൽ നടത്തുന്ന കുളഞ്ഞിക്കാരാഴ്‌മ വേളൂർ തറയിൽ സദാശിവന്റെ (74) സ്വർണമാലയാണ് കവർന്നത്.

ഇന്നലെ വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം. കടയ്ക്കുള്ളിൽ ഒറ്റയ്ക്കായിരുന്നു സദാശിവൻ. ഇതിനിടെ കടയ്ക്കുള്ളിലേയ്ക്ക് കയറിവന്ന യുവാവ് വാടകമുറിയുടെ കാര്യം അന്വേഷിച്ചു. സംസാരിക്കുന്നതിനിടെ വയോധികന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രണ്ടരപ്പവന്റെ മാല കവർന്ന് കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ സദാശിവൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു.