എസ്.എം. കൃഷ്‌ണ അന്തരിച്ചു

Wednesday 11 December 2024 4:50 AM IST

ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയും മഹാരാഷ്‌ട്ര ഗവർണറുമായിരുന്ന എസ്.എം.കൃഷ്ണ (92) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാവിലെ ബംഗളൂരു സദാശിവ നഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് സ്വദേശമായ കർണാടകയിലെ മാദ്ദൂരിൽ. ഭാര്യ പ്രേമ കൃഷ്‌ണ. മക്കൾ: മാളവിക കൃഷ‌്‌ണ,സംബാവി കൃഷ്‌ണ.

1969ൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം ഇന്ദിര,രാജീവ്,മൻമോഹൻ സിംഗ് സർക്കാരുകളിൽ മന്ത്രിയായി പ്രവർത്തിച്ചു. 2009 മുതൽ 2012 വരെ യു.പി.എ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു. 2017 മാർച്ചിൽ ബി.ജെ.പിയിൽ ചേർന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് 2023ലാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചത്. അതേവർഷം അദ്ദേഹത്തെ പദ്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. കൃഷ്ണയുടെ സംസ്‌കാര ചടങ്ങുകളുടെ പശ്ചാത്തലത്തിൽ കർണാടകയിൽ ഇന്ന് സർക്കാർ ഓഫീസുകൾക്കും സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.