അഴിമതിക്കേസ്: കോടതിയിൽ നേരിട്ടെത്തി മൊഴി നൽകി നെതന്യാഹു
തെൽ അവീവ്: വർഷങ്ങളായി തുടരുന്ന അഴിമതിക്കേസിൽ കോടതിയിലെത്തി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
ആദ്യമായാണ് നെതന്യാഹു കോടതിയിൽ നേരിട്ട് മൊഴി നൽകുന്നത്. യുദ്ധം പറഞ്ഞ് പലവട്ടം മാറ്റിവെച്ചതിനൊടുവിലാണിത്. ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്നും കടുത്ത അനീതിയാണെന്നും നെതന്യാഹു പറഞ്ഞു.
തെൽ അവീവിലെ പ്രതിരോധ വിഭാഗം ആസ്ഥാനത്തിനരികെ ഭൂഗർഭ മുറിയിലാണ് വിചാരണ പുരോഗമിക്കുന്നത്. കുറ്റം ചുമത്തപ്പെട്ടാലും തെളിയിക്കപ്പെടുംവരെ പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെ എന്ന നിയമം അവസരമാക്കിയാണ് നെതന്യാഹു പദവിയിൽ തുടരുന്നത്. മൂന്ന് കേസുകളിൽ കൈക്കൂലി, വഞ്ചന, വിശ്വാസലംഘനക്കുറ്റങ്ങളാണ് പ്രധാനമന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. മാദ്ധ്യമങ്ങളിൽ അനുകൂലമായ വാർത്തകൾ നൽകുന്നതിന് പകരം നിയമനിർമാണങ്ങളിൽ അവരെ സഹായിക്കുകയും സമ്പന്നരായ സുഹൃത്തുക്കളിൽനിന്ന് പാരിതോഷികങ്ങൾ സ്വീകരിക്കുകയും ചെയ്തുവെന്നതാണ് നെതന്യാഹുവിനെതിരായ പ്രധാന കുറ്റം.