ആകാംക്ഷ നിറച്ച് ഡൽഹിയിൽ ശരദ് പവാർ - കേജ്‌രിവാൾ കൂടിക്കാഴ്ച
ന്യൂഡൽഹി : 'ഇന്ത്യ' സഖ്യത്തിന്റെ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെ, ആകാംക്ഷ നിറച്ച് ഡൽഹിയിൽ ശരദ് പവാർ - കേജ്‌രിവാൾ കൂടിക്കാഴ്ച. ഇന്നലെ രാത്രി എൻ.സി.പി ശരദ് വിഭാഗം നേതാവ് ശരദ് പവാറിനെ അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിലെത്തി ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ കണ്ടു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ ഉപദേശകനും പാർട്ടി പ്രവർത്തക സമിതി സ്ഥിരാംഗവുമായ ഗുർദീപ് സിംഗ് സപ്പൽ, പാർട്ടി നേതാവ് അഭിഷേക് മനു സിംഗ്‌വി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തത് ശ്രദ്ധേയമാണ്.
ഡൽഹിയിൽ ഒറ്രയ്‌ക്കു മത്സരിക്കാൻ ആംആദ്മി പാർട്ടിയും കോൺഗ്രസും തീരുമാനിച്ചിരുന്നു. എന്നാൽ, നേർക്കുനേർ പോരാട്ടം ഒഴിവാക്കി 'ഇന്ത്യ' സഖ്യമായി മത്സരിക്കുന്നതിന്റെ സാദ്ധ്യത കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് സൂചനയുണ്ട്. അതോടൊപ്പം പ്രതിപക്ഷ മുന്നണിയിലെ നേതൃതലത്തിലെ മാറ്റം സംബന്ധിച്ചും ചർച്ച നടന്നുവെന്നാണ് സൂചന. ശരദ് പവാർ മമതയെ പരസ്യമായി പിന്തുണച്ചിരുന്നു. മമത കാര്യപ്രാപ്‌തിയുള്ള നേതാവാണെന്നും, സഖ്യത്തെ നയിക്കാമെന്ന് പറയാൻ അവർക്ക് എല്ലാ അവകാശവുമുണ്ടെന്ന് കൂട്ടിച്ചേർത്തിരുന്നു. കേജ്‌രിവാൾ പരസ്യ നിലപാട് സ്വീകരിച്ചിട്ടില്ല.