''അങ്ങനെ നോക്കുമ്പോൾ ജയറാം ഹാൻഡികാപ്പ്‌ഡ് ആണ്'', പാർവതി പറയുന്നു

Wednesday 11 December 2024 12:16 PM IST

ജയറാമിനൊപ്പമുള്ള 36 വർഷത്തെ ജീവിതയാത്രയിലെ ഓരോ നിമിഷവും എൻജോയ് ചെയ‌്തിട്ടുണ്ടെന്ന് ഭാര്യയും നടിയുമായ പാർവതി. ദൈവം അനുഗ്രഹിച്ച് ഇതുപോലെ 100 വയസ് മുന്നോട്ട് പോകാൻ പറ്റട്ടെയെന്നും പാർവതി പ്രതികരിച്ചു. കഴിഞ്ഞദിവസമാണ് ജയറാമിന് 59 വയസ് തികഞ്ഞത്. അറുപതിലേക്ക് കടന്ന താരത്തിന് നിരവധി പേർ ജന്മദിനാശംസകൾ നേർന്നിരുന്നു.

എല്ലാവർഷവും ജയറാമിന് താനും മക്കളും പിറന്നാൾ സർപ്രൈസ് ഒരുക്കാറുണ്ടെന്ന് പാർവതി പറഞ്ഞു. ''എന്നാൽ ഇത്തവണ മകൻ കാളിദാസിന്റെ വിവാഹമായതിനാൽ അതിന് സൗകര്യമുണ്ടായില്ല. തനിയെ ഷോപ്പിംഗിന് പോലും പോകാത്ത ആളാണ് ജയറാം. ഞാൻ അിയാതെ ഒന്നും നടക്കില്ലെന്ന് പലപ്പോഴും ജയറാം തന്നെ പറയാറുമുണ്ട്. അങ്ങനെ നോക്കുമ്പോൾ ജയറാം ടോട്ടലി ഹാൻഡികാപ്പ്‌ഡ് ആണ്.

''ജയറാമിനെ ഞാൻ കാണുമ്പോഴൊക്കെ പലപ്പോഴും പല പ്രായമാണ്. എന്താണെന്ന് വച്ചാൽ, കുട്ടികളോട് ഇരിക്കുമ്പോഴും ഞങ്ങൾ ഒന്നിച്ച് തമാശ പറയുമ്പോഴും ജയറാം 25കാരൻ ആണ്. പൂരപ്പറമ്പിൽ പോകുമ്പോഴും ചെണ്ടമേളം കേൾക്കുമ്പോഴും പതിനെട്ട് ഇരുപത് വയസുള്ള കുട്ടി. പക്ഷേ, നമ്മൾ എവിടെയെങ്കിലും ട്രിപ്പ് പോയി, ഒരു അമ്യൂസ്‌മെന്റ് പാർക്കിൽ കയറാൻ പറഞ്ഞാൽ 70 വയസുള്ള അപ്പൂപ്പനാണ് ജയറാം. അങ്ങനെ പലപ്രായത്തിലാണ് ഞാൻ കണ്ടിരിക്കുന്നത്. ''- പാർവതി പറഞ്ഞു.

ഞായറാഴ്‌ചയായിരുന്നു കാളിദാസ് ജയറാമിന്റെ വിവാഹം. മോഡലായ താരിണി കലിംഗരായരെയാണ് കാളിദാസ് താലിചാർത്തിയത്. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. 2022ൽ കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് താരിണിയും പങ്കെടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാകുന്നത്. നീലഗിരി സ്വദേശിയായ താരിണി 2019ൽ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് കിരീടം ചൂടിയിരുന്നു. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് ആയി. 2022ലെ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിലും പങ്കെടുത്തു. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദമുണ്ട്.