'സിറിയയിലെ സ്‌ത്രീകൾക്ക് ഇനിമുതൽ ഇഷ്‌മുള്ള വസ്‌‌ത്രം ധരിക്കാം'; എല്ലാവർക്കും വ്യക്തി സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് വിമതർ

Wednesday 11 December 2024 1:05 PM IST

ഡമാസ്‌കസ്: രാജ്യത്തെ സ്‌ത്രീകളുടെ വസ്‌ത്രധാരണ സ്വാതന്ത്ര്യത്തിനുമേൽ മതനിയമങ്ങൾ അടിച്ചേൽപ്പിക്കില്ലെന്ന് ഉറപ്പ് നൽകി സിറിയയിലെ വിമതർ. എല്ലാവർക്കും വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും അവർ വാഗ്ദാനം ചെയ്‌തു. ഏത് തരത്തിലുള്ള വസ്‌ത്രം ധരിക്കണമെന്ന അഭ്യർത്ഥനകൾ പോലും കർശനമായി നിരോധിച്ചിരിക്കുന്നു എന്നും വിമതസേനയുടെ ജനറൽ കമാൻഡ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത പ്രസ്‌താവനയിൽ പറയുന്നു.

എല്ലാ സിറിയക്കാർക്കും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനൽകിയിട്ടുണ്ട്. ജനങ്ങളുടെ അവകാശങ്ങളോടുള്ള ആദരവാണ് പരിഷ്കൃത രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനമെന്നും കമാൻഡ് പറഞ്ഞു. അസദിനെ അട്ടിമറിച്ച വിമതരുടെ നേതൃത്വത്തിലുള്ള ഭരണം ഇസ്ലാമിക നിയമപ്രകാരമായിരിക്കുമെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. വിമതരുടെ നിയന്ത്രണത്തിലായ പ്രദേശങ്ങളിൽ സ്‌ത്രീകളുടെ വസ്‌ത്രധാരണത്തിൽ കർശന നിയന്ത്രണമുള്ളതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്.

വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ബഹുഭൂരിപക്ഷം സ്‌ത്രീകളും കയ്യും മുഖവും ഒഴിച്ചുള്ള ഭാഗങ്ങൾ മറച്ചാണ് വസ്‌ത്രം ധരിക്കുന്നത്. വിമത നേതാവായ അബു മുഹമ്മദ് അൽ ജുലാനി കടുത്ത ഇസ്ലാമിക യാഥാസ്ഥിതികനും അൽഖ്വയ്‌ദ, ഐഎസ് എന്നിവയുമായി ബന്ധമുള്ള ആളുമായിരുന്നു. അതിനാൽ, സിറിയയെ മത നിയമപ്രകാരമായിരിക്കും ഭരിക്കുക എന്ന സംശയമുയർന്നിരുന്നു.