അടിപൊളി ജീവിതത്തിന് യുവാക്കളുടെ പുതിയ വരുമാനമാർഗം, ഒറ്റയിടപാടിൽ കൈയിലെത്തുന്നത് ലക്ഷങ്ങൾ
കൊച്ചി: വിവിധ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പേരിൽ കോടികൾ കൈക്കലാക്കുന്ന സൈബർ തട്ടിപ്പുകാർക്ക് കേരളത്തിൽ ഒത്താശ ചെയ്യുന്നത് സ്വർണക്കടത്ത്- ഹവാല സംഘങ്ങൾ. കള്ളക്കടത്തിലും പൊട്ടിക്കലിലും (സ്വർണം തട്ടിയെടുക്കൽ) പൊലീസ് പിടിമുറുക്കിയതോടെയാണ് ഇവർ സൈബർ തട്ടിപ്പിലേക്കെത്തിയത്. കൊച്ചിയിൽ അടുത്തിടെ അറസ്റ്റിലായവർക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സൈബർ പൊലീസും സ്ഥിരീകരിക്കുന്നു. കൊടുവള്ളി പോലെ സ്വർണക്കടത്തിന് കുപ്രസിദ്ധിയാർജിച്ച മേഖലയിൽ 18-20 വയസുള്ള നിരവധി യുവാക്കൾ ഇത്തരം തട്ടിപ്പുകളിലൂടെ ലക്ഷങ്ങൾ നേടി ആഡംബര ജീവിതമാണ് നയിക്കുന്നത്. കംബോഡിയ, വിയറ്റ്നാം പോലുള്ള കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളുടെ ഏജന്റുമാരായി ഇവർ മാറുന്നു.കബളിപ്പിച്ചെടുക്കുന്ന പണം സ്വീകരിക്കാനും പിൻവലിക്കാനുമുള്ള ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ച് നൽകുന്നതാണ് സ്വർണക്കടത്ത്-ഹവാല ടീമുകൾ ചെയ്യുന്നത്. ഒരു ഇടപാടിന് അക്കൗണ്ട് ഉടമയ്ക്ക് 20,000 മുതൽ 25,000 രൂപ വരെ ലഭിക്കും. ഹവാലക്കാർക്ക് ഒരു ലക്ഷം രൂപയിലേറെയും. തട്ടിപ്പുകാർ ചുരുങ്ങിയ സമയത്തേയ്ക്ക് മാത്രമാണ് ഇത്തരം അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്.
ഒത്താശയുമായി ബാങ്ക് ജീവനക്കാർ
രാജ്യമാകെ വേരുറപ്പിച്ച സൈബർതട്ടിപ്പ് സംഘങ്ങൾക്ക് പണം കൈമാറ്റത്തിനായി ഒരു വിഭാഗം സ്വകാര്യ ബാങ്ക് ജീവനക്കാരുടെയും ഒത്താശയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുകളിൽ നേരത്തെ അയൽ സംസ്ഥാനങ്ങളിലെ സ്വകാര്യ ബാങ്ക് മാനേജറെയും ജീവനക്കാരെയും പ്രതി ചേർത്തിരുന്നു. മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയാകുമ്പോൾ ഇവരിലേക്കെത്തുകയും എളുപ്പമല്ല.
മരിച്ച ആളുകളുടെ അക്കൗണ്ടുകൾ പോലും ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറുന്നുണ്ട്. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത 400 തട്ടിപ്പ് കേസുകളിൽ പണം പോയിട്ടുള്ളതെല്ലാം സ്വകാര്യ ബാങ്കുകളുടെ അക്കൗണ്ടുകളിലേക്കാണ്. ഒരു പ്രധാന സ്വകാര്യ ബാങ്കും സംശയനിഴലിലുണ്ട്. കോടിക്കണക്കിന് രൂപയാകും ഒരു അക്കൗണ്ടിലൂടെ സംഘങ്ങൾ പിൻവലിച്ചെടുക്കുന്നത്.
വീണ്ടും 4 കോടിയുടെ തട്ടിപ്പ്
ബോധവത്കരണവും അടിക്കടിയുള്ള മുന്നറിയിപ്പും ഫലം കാണുന്നില്ല. സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെ എണ്ണം ഏറുന്നു. കൊച്ചിയിൽ നാല് കോടി രൂപയുടെ തട്ടിപ്പാണ് ഒടുവിൽ നടന്നത്. തൃപ്പൂണിത്തുറ സ്വദേശിയായ ഡോക്ടറുടെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. നിക്ഷേപത്തിന് ഇരട്ടി വാഗ്ദാനം ചെയ്ത് പലപ്പോഴായി നാല് കോടി രൂപ കൈക്കലാക്കുകയായിരുന്നു.