'ബ്രേക്കായി' നിലയ്ക്കാമുക്കിലെ ടേക്ക് എ ബ്രേക്ക്

Thursday 12 December 2024 3:23 AM IST

കടയ്ക്കാവൂർ: വഴിയാത്രക്കാർക്കേറെ പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിൽ നിലയ്ക്കാമുക്കിൽ ആരംഭിച്ച ടേക്ക് എ ബ്രേക്ക്

പ്രവർത്തനം അവതാളത്തിൽ.കളക്ടറുടെയും സംസ്ഥാന ശുചിത്വമിഷന്റെയും പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വക്കം പഞ്ചായത്തിന്റെ കീഴിലാണ് ടേക്ക് എ ബ്രേക്ക് ആരംഭിച്ചത്.

നിലയ്ക്കാമുക്ക് ചന്തയ്ക്കു സമീപം പഞ്ചായത്ത് ഏറ്റെടുത്ത ഗവ.യു.പി.എസിന്റെ നാല് സെന്റ് സ്ഥലത്താണ് ഇതിനായി കെട്ടിടം നിർമ്മിച്ചത്. വഴിയാത്രക്കാർക്ക് വിശ്രമിക്കുന്നതിനും ചായയോ ലഘുഭക്ഷണമോ കഴിക്കുന്നതിനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുമായാണ് ടേക്ക് എ ബ്രേക്ക് കെട്ടിടം നിർമ്മിച്ചത്. 2022ൽ നിർമ്മിച്ച കെട്ടിടം ഒ.എസ്.അംബിക എം.എൽ.എയും അടൂർ പ്രകാശ് എം.പിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.എന്നാൽ ഒരുവ‍ർഷത്തോളം മാത്രമാണ് കെട്ടിടം പ്രവർത്തിച്ചത്. ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ ഈ കെട്ടിടം എത്രയും പെട്ടെന്ന് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞത് - 2022ൽ

കുടുംബശ്രീ ഏറ്റെടുക്കും

രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ പഞ്ചായത്തിലെ ഒരു താത്കാലിക ജീവനക്കാരി ടോയ്‌ലെറ്റ് തുറന്ന് ഇരിക്കും. ചായയോ ലഘുഭക്ഷണമോ കഴിക്കുന്നതിനുള്ള ടീസ്റ്റാൾ അടച്ചിട്ടിരിക്കുകയാണ്.അനധികൃത കൈയേറ്റക്കാരെ കെട്ടിടത്തിന് മുന്നിൽ നിന്നും മാറ്റിയാൽ കുടുംബശ്രീ ടേക്ക് എ ബ്രേക്ക് ഏറ്റെടുത്ത് നടത്താൻ തയ്യാറാണെന്ന് പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചിരുന്നു. എന്നാൽ ഭരണസമിതി അനധികൃത കൈയേറ്റങ്ങൾ ഒഴിവാക്കുന്നതിന് യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.

പൊതു ടോയ്‌ലെറ്റ് പ്രവർത്തനരഹിതം

നിലയ്ക്കാമുക്ക് മാർക്കറ്റിലെ പൊതു ടോയ്‌ലെറ്റ് പ്രവർത്തനരഹിതമാണ്. കിഫ്ബിയുടെ നേതൃത്വത്തിൽ ഇവിടെ മാർക്കറ്റ് പുതുക്കിപ്പണിയുന്നതിനാൽ പഞ്ചായത്തിന് ചന്തയ്ക്കുള്ളിലെ പൊതുടോയ്‌ലെറ്റ് മെയിന്റനൻസ് നടത്താൻ കഴിയാത്ത അവസ്ഥയാണ്. ഒരു മതിലിനോടു ചേർന്നിരിക്കുന്ന ടേക്ക് എ ബ്രേക്ക് എന്ന സ്ഥാപനം കച്ചവടക്കാർക്കും യാത്രക്കാർക്കും ഏറെ സഹായകമായിരുന്നു. എന്നാൽ ഇന്ന് നിലവിൽ ചന്തയിലെയും ടേക്ക് എ ബ്രേക്കിലെയും ടോയ്‌ലെറ്റ് പൂട്ടിയിട്ടത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു.