ഭര്‍ത്താവിന്റെ കടം തീര്‍ക്കാന്‍ ലക്ഷങ്ങള്‍ വേണം; ഭാര്യ കണ്ടെത്തിയ വഴി

Wednesday 11 December 2024 7:36 PM IST

ബംഗളൂരു: വായ്പകള്‍ എടുത്ത് കൂട്ടിയ ഭര്‍ത്താവിന് ഒന്നരലക്ഷം രൂപയില്‍ അധികം കടം വന്നതോടെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഭാര്യ. ഇതിനായി നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സ്വന്തം കുട്ടിയെ വില്‍ക്കാന്‍ സഹായിച്ച രണ്ട് പേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിലെ രാമനഗരിയിലാണ് സംഭവം. കുട്ടിയെ വാങ്ങിയ ആളേയും പിടികൂടിയിട്ടുണ്ട്. ഒരു മാസം പ്രായമുള്ള ആണ്‍കുട്ടിയേയാണ് വിറ്റത്.

കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ് മാണ്ഡ്യയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമിലേക്ക് മാറ്റി. ഈ മാസം ഏഴിന് തന്റെ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ ഭാര്യ അറിയാതെ കുട്ടിയെ കാണാതാകില്ലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. കൂലിപ്പണിക്കാരായ ദമ്പതികള്‍ക്ക് മൂന്ന് ലക്ഷത്തോളും രൂപയുടെ കടമുണ്ടായിരുന്നു. കടവും മറ്റ് ബാദ്ധ്യതയും തീര്‍ക്കാന്‍ കുട്ടിയെ വില്‍ക്കാമെന്ന് യുവതി പറഞ്ഞുവെങ്കിലും ഭര്‍ത്താവ് ഇതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുകയായിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം യുവാവ് ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ കുഞ്ഞിനെ വീട്ടില്‍ കണ്ടില്ല. സുഖമില്ലാത്തതിനാല്‍ ഡോക്ടറിനെ കാണിക്കുന്നതിനായി ബന്ധുവിനൊപ്പം കുഞ്ഞിനെ കൊടുത്തുവിട്ടതായി യുവതി പറഞ്ഞു. പിറ്റേന്ന് രാവിലെ ജോലിക്ക് പോയി മടങ്ങിയെത്തിയപ്പോഴും കുഞ്ഞിനെ വീട്ടില്‍ കണ്ടില്ല. തലേദിവസം പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചതോടെ സംശയം തോന്നിയ യുവാവ് പിറ്റേന്ന് രാവിലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് എത്തി യുവതിയെ ചോദ്യം ചെയ്തപ്പോഴും ഭര്‍ത്താവിനോട് പറഞ്ഞ കാര്യങ്ങള്‍ യുവതി ആവര്‍ത്തിക്കുകയായിരുന്നു. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോള്‍ താന്‍ ബംഗളൂരുവിലുള്ള ഒരാള്‍ക്ക് കുട്ടിയെ വിറ്റുവെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു.