അനധികൃത ക്വാറി ഉത്പന്ന വില്പന,​ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി

Thursday 12 December 2024 2:44 AM IST

മലയിൻകീഴ്: ജനവാസമേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറി ഉത്പന്ന വില്പനകേന്ദ്രം പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. പാപ്പനംകോട് - മലയിൻകീഴ് റോഡിൽ വിളവൂർക്കൽ നാലാംകല്ല് ജംഗ്ഷനു സമീപത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പാറപ്പൊടി, എംസാൻഡ്, പല വലിപ്പത്തിലുള്ള ചല്ലി, സിമന്റും ക്ലേയും മിക്സ് ചെയ്ത മെറ്റൽ എന്നിവയാണ് ഇവിടെ വിൽക്കുന്നത്. തമിഴ്നാട്ടിൽ നിന്നും കൂറ്റൻ ലോറികളിൽ കൊണ്ടുവരുന്ന ഉത്പന്നങ്ങൾ ഓരോ ദിവസവും രാത്രിയോടെയാണ് എത്തിക്കുന്നത്.

പാറയുടെ തരികളടങ്ങിയ പൊടിശല്യം കാരണം സമീപത്തെ വീട്ടുകാർക്ക് ശ്വാസംമുട്ടൽ, ത്വഗ്‌രോഗം എന്നിവ ബാധിക്കുന്നതായും പരാതിയുണ്ട്. രാത്രി മുതൽ ജെ.സി.ബി ഉൾപ്പെടെയുള്ള യന്ത്രങ്ങളുടെയും ടിപ്പറുകളുടെയും ശബ്ദം കാരണം രാത്രി പ്രദേശവാസികളുടെ സ്വൈര്യത നഷ്ടപ്പെട്ടു. പൊടി, ശബ്ദ മലിനീകരണം എന്നിവ കുറയ്ക്കാനുള്ള സംവിധാനവും സ്ഥാപനത്തിലില്ല.

റോഡുകൾ തകർന്നു

നിയന്ത്രണമില്ലാതെ ടിപ്പറുകൾ വന്നുപോകുന്നതിനാൽ സ്ഥാപനത്തിന് മുന്നിലെ റോഡ് തകർന്ന നിലയിലാണ്. അടുത്തിടെയാണ് ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ വിനിയോഗിച്ച് പാപ്പനംകോട് - മലയിൻകീഴ് റോഡ് നവീകരിച്ചത്. വിളവൂർക്കൽ പഞ്ചായത്തംഗം ആർ.അനിലാദേവി, മുൻ വാർഡ് അംഗം രാധാകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രദേശവാസികൾ സ്ഥാപന ഉടമയുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടാക്കാമെന്ന് പറയുന്നുണ്ടെങ്കിലും പ്രദേശവാസികൾ മുഖവിലയ്ക്കെടുത്തിട്ടില്ല. സ്ഥാപനം പൂട്ടണമെന്നാവശ്യപ്പെട്ട് 200ലേറെ പേർ ഒപ്പിട്ട പരാതി വിളവൂർക്കൽ പഞ്ചായത്തിൽ നൽകിയിട്ടുണ്ട്.