അഫ്ഗാനിൽ ചാവേർ സ്‌ഫോടനം: താലിബാൻ മന്ത്രി കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ചാവേർ സ്ഫോടനത്തിൽ താലിബാൻ മന്ത്രിയും അംഗരക്ഷകരും അടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. അഭയാർത്ഥികാര്യ മന്ത്രിയായ ഖലീൽ റഹ്മാൻ ഹഖാനിയാണ് (58) കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് മന്ത്രാലയത്തിലായിരുന്നു സ്ഫോടനം. പിന്നിൽ ഐസിസ് ആണെന്ന് താലിബാൻ ആരോപിച്ചു.
ശരീരത്തിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച അക്രമി അഭയാർത്ഥിയെന്ന പേരിൽ സഹായമഭ്യർത്ഥിച്ച് ഉള്ളിൽ കടക്കുകയായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് ഖലീൽ ഇടനാഴിയിലൂടെ നീങ്ങവെ അക്രമി പൊട്ടിത്തെറിച്ചു.
യു.എസ് ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള ഹഖാനി നെറ്റ്‌വർക്കിലെ മുതിർന്ന നേതാവായിരുന്നു ഖലീൽ ഹഖാനി. 2022ലും 2023ലും താലിബാന്റെ ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെ പുറത്തുണ്ടായ ഐസിസ് സ്ഫോടനങ്ങളിൽ നാലും അഞ്ചും പേർ വീതം കൊല്ലപ്പെട്ടിരുന്നു.
ഖലീൽ ഹഖാനി
2021ൽ താലിബാൻ അധികാരത്തിലെത്തിയതിന് പിന്നാലെ മന്ത്രിയായി
ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി പിതൃസഹോദരൻ
2011ൽ യു.എസിന്റെ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെട്ടു
ഹഖാനി നെറ്റ്‌വർക്ക്
1970ൽ നിലവിലെ തലവൻ സിറാജുദ്ദീൻ ഹഖാനിയുടെ പിതാവ് ജലാലുദ്ദീൻ ഹഖാനി സ്ഥാപിച്ചു
1980കളിൽ സോവിയറ്റ് യൂണിയനെതിരെയും പിന്നീട് നാറ്റോ സഖ്യത്തിനെതിരെയും അഫ്ഗാൻ ഭരണകൂടത്തിനെതിരെയും പ്രവർത്തിച്ചു
അഫ്ഗാൻ - സോവിയറ്റ് യുദ്ധത്തിൽ യു.എസിന്റെ പിന്തുണ. 1995 മുതൽ താലിബാന്റെ ശാഖ
2001-2021 അഫ്ഗാൻ യുദ്ധത്തിനിടെ ബോംബാക്രമണങ്ങൾ. അൽ ക്വഇദ, ജെയ്‌ഷെ, ലഷ്‌കർ എന്നിവയുമായി ബന്ധം