സിനിമ നടിയുടെ കാർ മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

Thursday 12 December 2024 12:50 AM IST

കൊട്ടാരക്കര: പേ ആൻഡ് പാർക്കിൽ നിന്ന് പ്രമുഖ സിനിമ നടിയുടെ കാർ മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രബിൻ ഭവനിൽ പ്രബിനെയാണ് (29) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.

കൊട്ടാരക്കര ഇഞ്ചക്കാടുള്ള പേ ആൻഡ് പാർക്കിൽ പാർക്ക് ചെയ്തിരുന്ന 6.75 ലക്ഷം വിലവരുന്ന മഹീന്ദ്ര എക്സ്.യു.വി കാറാണ് പ്രബിൻ മോഷ്ടിച്ചത്. ഈ കാറിൽ പോകുന്നതിനിടെ കടയ്ക്കലിൽ വർക്ക് ഷോപ്പിന് സമീപം നിറുത്തിയിട്ടിരുന്ന ഇന്നോവ കാറിന്റെ നമ്പർ പ്ളേറ്റുകൾ ഇളക്കി കാറിൽ സ്ഥാപിച്ചു. വെള്ളറടയിലെ റബർ കട കുത്തിത്തുറന്ന് 500 കിലോ റബർ ഷീറ്റും 7000 രൂപയും മോഷ്ടിച്ചു. റബർ ഷീറ്റ് വിറ്റ പണവുമായി അടുത്ത ദിവസം ഇതേ കാറിൽ പത്തനംതിട്ടയിലെത്തി. പെരിനാട് ഭാഗത്തെ റബർ കട കുത്തിത്തുറന്ന് 400 കിലോ റബർ ഷീറ്റ് മോഷ്ടിച്ചു. ഇത് പൊൻകുന്നത്ത് വിറ്റു. പണവുമായി കോഴിക്കോടുള്ള പെൺ സുഹൃത്തിന്റെ അടുത്തേക്ക് പോകുമ്പോൾ പാലായ്ക്ക് സമീപം മറ്റൊരു വാഹനവുമായി കാർ കൂട്ടിയിടിച്ചു.

ഇടിച്ച വാഹനത്തിൽ പൊലീസുകാരുണ്ടെന്ന സംശയത്തിൽ കാർ നിറുത്താതെ ഓടിച്ച് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ പാർക്ക് ചെയ്തു. പിന്നീട് കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്തേക്ക് പോയി. തിരുവനന്തപുരത്ത് നിന്ന് സ്വന്തം ബൈക്കിൽ കോഴിക്കോട്ടേക്ക് പോകാനായി കൊട്ടാരക്കരയിലെത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11 ഓടെ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപത്തുവച്ച് പൊലീസിന്റെ വലയിലായത്.

സംശയത്തെ തുടന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ വിവരങ്ങൾ പുറത്തായത് കൊട്ടാരക്കര സി.ഐ എസ്.ജയകൃഷ്ണൻ, എസ്.ഐ എ.ആർ.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.

കാറും റബർഷീറ്റും വീക്ക്നെസ്

കാറും റബർ ഷീറ്റുമാണ് വർഷങ്ങളായി മോഷ്ടിച്ചിരുന്നത്. 2023 ൽ കല്ലമ്പലം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്ന് ഇന്നോവ കാർ മോഷ്ടിച്ച കേസിൽ ജയിലിലായി. കഴിഞ്ഞ ജൂലായിലാണ് പുറത്തിറങ്ങിയത്. നെടുമങ്ങാട് നിന്ന് സ്കോർപ്പിയോ മോഷ്ടിച്ചതും പാലക്കാട് കുഴൽമന്ദത്ത് ഫിനാൻസ് സ്ഥാപനത്തിൽ മോഷണം നടത്തിയതും കുഴൽമന്ദം തേൻകുറിശിയിൽ പെയിന്റുകടയിൽ മോഷണം നടത്തിയതും താനാണെന്ന് പ്രതി സമ്മതിച്ചു. തേൻകുറിശിയിലെ മോഷണത്തിന് ശേഷം സ്കോർപ്പിയോ കാർ ഉപേക്ഷിച്ചു. സെപ്തംബറിൽ ആലത്തൂരിലെ യൂസ്ഡ് കാർ ഷോറൂമിൽ നിന്ന് കാർ മോഷ്ടിച്ചു. ഇതിലും പത്തനംതിട്ടയിലെ ഒരു വാഹനത്തിന്റെ നമ്പർ പ്ളേറ്റാണ് ഉപയോഗിച്ചത്. കാസർകോട് നിന്ന് യൂസ്ഡ് കാർ ഷോറൂമിൽ നിന്ന് സ്വിഫ്ട് കാറും ഷൊർണൂരിൽ നിന്ന് പിക്കപ്പ് വാനും മോഷ്ടിച്ചു.

തെളിവ് നശിപ്പിക്കൽ

നമ്പർ പ്ളേറ്റുകൾ മാറ്റി മോഷ്ടിച്ച കാർ ഉപയോഗിക്കുന്നതാണ് രീതി. മോഷണം നടത്തിയ ഭാഗത്തെ സി.സി ടി.വി കാമറകളും ഹാർഡ് ഡിസ്കും കവർന്ന് സമീപത്തെ പുഴകളിലും കുളങ്ങളിലും കളയും. മോഷ്ടിച്ച വാഹനത്തിൽ പെട്രോൾ പമ്പുകളിൽ പോകില്ല. റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്ന് ഇന്ധനം മോഷ്ടിക്കാൻ വിരുതനാണ്. പകൽ വാഹനങ്ങളിൽ സഞ്ചരിച്ച് രാത്രിയിലാണ് മോഷണം.