എ.ഐ ദുരുപയോഗം തടയാൻ നിയമം, കേരളത്തിൽ 27 നഗരങ്ങളിൽ ഡേറ്റാ ലാബ്

Thursday 12 December 2024 1:27 AM IST

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ(എ.ഐ) ദുരുപയോഗം തടയാൻ നിയമനിർമ്മാണം പരിഗണിക്കുമെന്ന് ഐ.ടി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് ലോക‌്‌സഭയിൽ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു. ഇതു സംബന്ധിച്ച് സംവാദത്തിന് സർക്കാർ തയ്യാറാണെന്നും പറഞ്ഞു. കേരളത്തിൽ കോഴിക്കോട് ഉൾപ്പെടെ 27 നഗരങ്ങളിൽ ഡേറ്റാ ലാബ് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് രാജ്യം മുൻനിരയിലാണ്. ഇതുമായി ബന്ധപ്പെട്ട പദ്ധതികളിൽ 24 ശതമാനവും കൈകാര്യം ചെയ്യുന്ന ഇന്ത്യ ആഗോള റാങ്കിംഗിൽ ഒന്നാമതാണ്. എ. ഐ പരിശീലനത്തിനും ഗവേഷണത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. രാജ്യത്തെ ടയർ-2 ടയർ-3 നഗരങ്ങളിലെ ഐ. ടി. ഐകളിലും പോളിടെക്നിക്കുകളിലും ഡാറ്റാ ലാബുകൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഇന്ത്യ എ. ഐ മിഷന്റെ ഭാഗമായി ഗവേഷണ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് രാജ്യത്ത് 50 മുൻനിര സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മറുപടിയിൽ വ്യക്‌തമാക്കി.